സ്വദേശീവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി സൗദി തൊഴിൽ മന്ത്രാലയം

സ്വദേശീവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തൊഴിലില്ലായ്മ നിരക്ക് കുറച്ചു കൊണ്ടുവരാൺ സ്വദേശീവൽക്കരണ പദ്ധതികൾക്ക് സാധിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വദേശീവൽക്കരണ പദ്ധതികൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. മൂന്നു പദ്ധതികളാണ് നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സ്വകാര്യ മേഖലയിലെ തത് വീൻ പദ്ധതി, ആരോഗ്യ മേഖലയിലെ സ്വദേശീവൽക്കരണം, ടൂറിസം, വിനോദം, കമ്മ്യൂണിക്കേഷൻസ്, ഐ ടി, ട്രാൻസ്‌പോർട്ടേഷൻ, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലെ സ്വദേശീവൽക്കരണം എന്നിവയാണ് മൂന്ന് പദ്ധതികൾ.
സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. സ്വദേശികൾക്ക് അർഹമായ ജോലിയും, തൊഴിൽ സുരക്ഷയും, മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും പദ്ധതി നിർദേശിക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൽക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കും. ഈ വർഷം രണ്ടാം പാദത്തിലെ കണക്കനുസരിച്ച് 12.3 ശതമാനമാണ് സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here