മർദ്ദനം അസഹ്യമായി; തെലങ്കാനയിൽ മദ്യപാനിയായ മകനെ മാതാപിതാക്കൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു

മദ്യപാനിയായ മകനെ മാതാപിതാക്കൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് സംഭവം. കെ പ്രഭാകർ, ഭാര്യ വിമല എന്നിവർ ചേർന്നാണ് മകൻ മഹേഷ് ചന്ദ്രയെ(42) കൊലപ്പെടുത്തിയത്. പണം ചോദിച്ചുള്ള മർദ്ദനം അസഹ്യമായതോടെയാണ് മാതാപിതാക്കൾ മകനെ കൊല്ലാൻ നിർബന്ധിതരായത്.
വാറങ്കൽ ജില്ലയിലെ മത്സ്യാലപ്പള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രഭാകറും വിമലയും ചേർന്ന് മഹേഷിനെ കെട്ടിയിട്ടശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. മഹേഷ് ചന്ദ്രയുടെ മർദ്ദനം സഹിക്കവയ്യാതെ രണ്ട് മാസം മുൻപ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിനു ശേഷമാണ് യുവാവ് മാതാപിതാക്കളെ പതിവായി മർദ്ദിക്കാൻ തുടങ്ങിയത്. സംഭവം നടന്ന ദിവസവും യുവാവ് മാതാപിതാക്കളെ മർദ്ദിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
വാറങ്കൽ അഗ്രിക്കൾച്ചർ മാർക്കറ്റിൽ ക്ലർക്കായി ജോലി ചെയ്യുകയാണ് മഹേഷ്. മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Read also:ട്രെയിനിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ആളുടെ ചിത്രം പുറത്ത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here