വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീൽ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീൽ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്. സർക്കാരിനും പ്രതികൾക്കുമാണ് നോട്ടീസയച്ചത്. ജസ്റ്റിസ് ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
പെൺകുട്ടികളുടെ മാതാവ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് കോടതി സർക്കാരിനും പ്രതികൾക്കും നോട്ടീസയച്ചത്. ജസ്റ്റിസ് ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. കേസിലെ പ്രതികളായ പ്രദീപൻ, മധു എന്നിവരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്താണ് അപ്പീൽ ഫയൽ ചെയ്തിട്ടുള്ളത്. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായതായി പരാതിയിൽ ആരോപിക്കുന്നു.
വിചാരണക്കോടതിയിൽ നീതിയുക്തമായല്ല വിചാരണ നടന്നതെന്നും ഗുരുതര വീഴ്ച പറ്റിയെന്നും ആരോപിക്കുന്ന അപ്പീൽ ഹർജി പുനർവിചാരണയാണ് ആവശ്യപ്പെടുന്നത്. വാളയാർ കേസ് വളരെ ലാഘവത്തോടെയും മുൻവിധിയോടു കൂടിയുമാണ് കൈകാര്യം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി കേസ് അട്ടിമറിച്ചെന്നും കൂടാതെ ജില്ലാ ശിശുക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനവും അപ്പീലിലെ പ്രധാന ആവശ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here