Advertisement

ലോകകപ്പ് യോഗ്യതാ മത്സരം; സഹലും ആഷിഖും ഫസ്റ്റ് ഇലവനിൽ

November 14, 2019
0 minutes Read

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഫസ്റ്റ് ഇലവനിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യത്തിൽ കളിക്കാനിറങ്ങുന്ന ഇന്ത്യക്ക് ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത നിലനിർത്താനാവൂ. താജിക്കിസ്ഥാനിൽ രാത്രി 7.30നാണ് മത്സരം.

ലോക റാങ്കിംഗിൽ 149ആം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ 106ആം സ്ഥാനത്തുള്ള ഇന്ത്യക്ക് ഒരു ഭീഷണിയാവേണ്ടതല്ല. പക്ഷേ, താജിക്കിസ്ഥാനിലെ കൊടും തണുപ്പും കൃത്രിമ ടർഫും ഇന്ത്യക്ക് തിരിച്ചടി ആയേക്കും. രണ്ടും ഇന്ത്യക്ക് പരിചിതമായ സാഹചര്യങ്ങളല്ല. അതുകൊണ്ട് തന്നെ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമാകും എന്നാണ് കരുതപ്പെടുന്നത്.

ക്രിക്കറ്റ് ടീമിനെപ്പോലെ തന്നെ അവിടുത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് അഫ്ഗാനിസ്ഥാൻ തജിക്കിസ്ഥാനിലെ ഡുഷാൻബെ തങ്ങളുടെ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്തത്. പൂജ്യം ഡിഗ്രി വരെ താഴ്ന്നേൽക്കാവുന്ന ഇവിടുത്തെ കാലാവസ്ഥ ഇന്ത്യക്ക് തീരെ പരിചിതമല്ല. ഇന്ത്യൻ താരങ്ങൾക്ക് ഇത്ര തണുത്ത കാലാവസ്ഥയിൽ കളിച്ചുള്ള പരിചയവുമില്ല. ഇത് രണ്ടും ഇന്ത്യക്ക് തിരിച്ചടിയാണ്.

മാതാവിൻ്റെ മരണത്തോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങിയ മുഹമ്മദ് അനസിൻ്റെ അഭാവവും ഇന്ത്യക്ക് ക്ഷീണമാകും. പരിക്കേറ്റ ജിങ്കാൻ്റെ അഭാവത്തോടൊപ്പം അനസ് കൂടി ഇല്ലാത്തത് ഇന്ത്യയുടെ പ്രതിരോധ നിരയെ ദുർബലമാക്കും. മധ്യനിരയിലെ ശ്രദ്ധേയ താരം റൗളിൻ ബോർജസും പരിക്ക് മൂലം ഇന്ന് കളിക്കില്ല. ഇതും സ്റ്റിമാചിനും സംഘത്തിനും തിരിച്ചടിയാകും.

ഇതുവരെ മൂന്നു മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഒരു മത്സരത്തിൽ പോലും വിജയിക്കാൻ ഇന്ത്യക്കായില്ല. ആദ്യ മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഗംഭീരമായി തുടങ്ങിയ ഇന്ത്യ ഒമാനെതിരായ ഹോം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു. തുടർന്ന് റാങ്കിംഗിൽ പിന്നാക്കക്കാരായ ബംഗ്ലാദേശിനെതിരെ നടന്ന ഹോം മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ച് സമനില വഴങ്ങേണ്ടി വന്നത് ഇന്ത്യക്ക് തിരിച്ചടിയായി. ഗ്രൂപ്പ് ഇയിൽ 3 കളിയിൽ 2 പോയിന്റുമായി 4–ാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിലെത്തിയാൽ മാത്രമേ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിക്കൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top