ശബരിമല പുനഃപരിശോധനാ ഹർജി; വിധി എന്തുതന്നെയായാലും നടപ്പാക്കേണ്ട ചുമതല പുതിയ ബോർഡിന്

ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രിംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കേണ്ട ചുമതല പുതിയ ബോർഡിന്. ശബരിമലയിൽ രാജ്യം ഉറ്റുനോക്കുന്ന വിധി വരുന്ന ദിവസം പ്രസിഡന്റിന്റേയും ഒരംഗത്തിന്റേയും സ്ഥാനം ഒഴിഞ്ഞു കിടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പുതിയ ബോർഡ് പ്രസിഡന്റായി എൻ.വാസു ചുമതലയേൽക്കും.
2017 നവംബർ 14നാണ് ദേവസ്വം ബോർഡ് പ്രസിഡന്റായി എ.പത്മകുമാറും അംഗമായി കെ.പി.ശങ്കർദാസും ചുമതലയേറ്റത്. ഇന്നലെ ഇവരുടെ കാലാവധി അവസാനിച്ചു. ശബരിമല സ്ത്രീപ്രവേശനത്തിൽ റിവ്യൂ ഹർജിയിൽ സുപ്രിംകോടതിയുടെ വിധി എന്തുതന്നെയായാലും അതു നടപ്പാക്കേണ്ടി വരിക പുതിയ പ്രസിഡന്റ് നേതൃത്വം നൽകുന്ന ബോർഡിനാണ്. ഇതു മുൻകൂട്ടി കണ്ടാണ് മുൻ ദേവസ്വം കമ്മിഷണറായ എൻ.വാസുവിനെ തന്നെ ബോർഡ് പ്രസിഡന്റായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.
Read also: ശബരിമല പുനഃപരിശോധനാ ഹർജികളിൽ വിധി ഇന്ന്
സാധാരണ രാഷ്ട്രീയ നേതാക്കന്മാരാണ് ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താറുള്ളത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നിയമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും മുൻ കമ്മിഷണറുമായ എൻ.വാസുവിനെ നിയോഗം ഏൽപ്പിക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് വ്യക്തം. കോടതി വിധി എന്തായാലും അതു നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനും ബോർഡിനുമുണ്ട്. കഴിഞ്ഞ കോടതി വിധിയുണ്ടായപ്പോൾ എൻ.വാസുവായിരുന്നു ദേവസ്വം കമ്മിഷണർ സ്ഥാനത്തുണ്ടായിരുന്നത്. വിധി നടപ്പാക്കുകയെന്ന കാര്യത്തിൽ ബോർഡ് ഭരണസമിതിയേക്കാൾ ഉറച്ച നിലപാടായിരുന്നു കമ്മിഷണറുടേത്. ഇന്ന് സുപ്രിംകോടതി വിധി വരുമ്പോൾ പ്രസിഡന്റ് സ്ഥാനവും ഒരംഗത്തിന്റെ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here