സുപ്രിംകോടതിയിൽ വ്യക്തത വരുംവരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ല : സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സുപ്രിംകോടതിയിൽ വ്യക്തത വരുംവരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തത്ക്കാലം യുവതീ പ്രവേശനമില്ലെന്ന സർക്കാർ നിലപാട് മന്ത്രിമാരായ എ.കെ.ബാലനും കടകംപള്ളി സുരേന്ദ്രനും സ്ഥിരീകരിച്ചു. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തണമോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.
സുപ്രിംകോടതി വിധിയിൽ അവ്യക്തതയുണ്ടെന്ന നിലപാടിലാണ് സർക്കാരും സിപിഐഎമ്മും. അതുകൊണ്ടുതന്നെ തിടുക്കപ്പെട്ട തീരുമാനങ്ങളുണ്ടാകില്ല. സുപ്രിംകോടതിയിൽ നിന്ന് കൃത്യമായ മാർഗ നിർദേശങ്ങളുണ്ടാകണമെന്നാണ് നിലപാട്. ഇതിന് നിയമപരമായ വഴിതേടും. കോടതി ഉത്തരവുമായി വന്നാൽ മാത്രമേ ശബരിമലയിലേക്ക് പോകുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകുകയുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
കോടതി വിധിയിലെ അവ്യക്തത നീക്കാൻ വിദഗ്ധ നിയമോപദേശം തേടുമെന്നും വിശ്വാസികളെ സർക്കാരിനെതിരാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും എ.കെ.ബാലൻ പറഞ്ഞു. സുരക്ഷാക്രമീകരണങ്ങളിൽ രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.
അതിനിടെ, പുതിയ വിധിയിൽ അവ്യക്തതയുണ്ടെന്നാണ് സുപ്രിംകോടതി അഭിഭാഷകനായ ജയദീപ് ഗുപ്ത അഡ്വക്കേറ്റ് ജനറലിന് നൽകിയ നിയമോപദേശം. വിധിയുടെ കൃത്യമായ ഉള്ളടക്കം സംബന്ധിച്ച് പഠിച്ചശേഷം മാത്രമായിരിക്കണം തുടർനടപടികൾ. വിധി സംബന്ധിച്ച് വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ടെന്ന് എ.ജി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here