ട്രംപ് നടത്തിയത് അഴിമതിയാണെന്ന് ആവർത്തിച്ച് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കവെ, അദ്ദേഹം നടത്തിയത് അഴിമതിയാണെന്ന് ആവർത്തിച്ച് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി. വ്യാജ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരമായി ഏതെങ്കിലും രാജ്യത്തിന് സൈനിക സഹായം നൽകുകയോ തടഞ്ഞുവെക്കുകയോ ചെയ്യുന്നത് അഴിമതിയാണ്. ഈ നടപടി അമേരിക്കൻ ഭരണഘടന പ്രകാരം ഇംപീച്ച്മെന്റിന് മതിയായ കാരണമാണെന്ന് പെലോസി വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുമായി ബന്ധപ്പെട്ട ആദ്യ പരസ്യ തെളിവെടുപ്പിന് ശേഷം വാർത്താസമ്മളനത്തിൽ സംസാരിക്കുകയായിരുന്നു നാൻസി പെലോസി. വ്യാജ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരമായി സൈനിക സഹായം നൽകുകയോ തടഞ്ഞുവെക്കുകയോ ചെയ്യുന്ന നടപടി അമേരിക്കൻ ഭരണഘടന പ്രകാരം ഇംപീച്ച്മെന്റിന് മതിയായ കാരണമാണ്.
താൻ ചെയ്തത് ശരിയാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, ട്രംപിന്റെ നടപടി പൂർണമായും തെറ്റാണെന്നും അദ്ദേഹത്തിന്റേത് അഴിമതിയാണെന്നും പെലോസി പറഞ്ഞു. അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ മുൻപന്തിയിലുള്ള ജോ ബൈഡനെതിരെയും അദ്ദേഹത്തിന്റെ മകൻ ഹണ്ടറിനെതിരെയും ചില കേസുകൾ കുത്തിപ്പൊക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയോടു ഫോണിൽ ആവശ്യപ്പെട്ടെന്ന ഗുരുതരമായ ആരോപണമാണ് ട്രംപിനെതിരെയുള്ളത്.
ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും മുട്ടുകുത്തിക്കാൻ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി നടത്തുന്ന സമർഥമായ കരുനീക്കമാണ് ഇംപീച്ച്മെന്റ്. ശ്രമം ഫലം കണ്ടാൽ ഈ വർഷം അവസാനത്തോടെ ട്രംപിന് സെനറ്റിൽ കുറ്റവിചാരണ നേരിടേണ്ടി വന്നേക്കാം. യുഎസ് കോൺഗ്രസിലെ ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗങ്ങളുടെ വൻപടയാണ് ഇംപീച്ച്മെന്റിന് നേതൃത്വം നൽകുന്നത്. സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമെങ്കിലും ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റ് ആധിപത്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here