അബുദാബിയിൽ റസൽ ഷോ; ചാമ്പ്യന്മാർക്ക് അനായാസ ജയം

ടി-10 ലീഗിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ നോർത്തേൺ വാരിയേഴ്സിന് അനായാസ ജയം. മൂന്ന് ഓവറുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിലാണ് മറാത്ത അറേബ്യൻസിനെ നോർത്തേൺ വാരിയേഴ്സ് പരാജയപ്പെടുത്തിയത്. മറാത്ത മുന്നോട്ടു വെച്ച 89 റൺസിൻ്റെ വിജയലക്ഷ്യം 7 ഓവർ മാത്രം ചെലവഴിച്ച് നോർത്തേൺ വാരിയേഴ്സ് മറികടക്കുകയായിരുന്നു.
58 റൺസെടുത്ത് പുറത്താവാതെ നിന്ന വിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസലാണ് ചാമ്പ്യന്മാർക്ക് അനായാസ ജയം സമ്മാനിച്ചത്. 24 പന്തുകളിൽ നാലു ബൗണ്ടറികളും ആറ് സിക്സറുകളും സഹിതമായിരുന്നു റസലിൻ്റെ മാരക ഇന്നിംഗ്സ്. റസലിന് ഉറച്ച പിന്തുണ നൽകിയ സ്കോട്‌ലൻഡ് താരം ജോർജ് മൺസി 16 പന്തുകളിൽ അഞ്ച് ബൗണ്ടറികൾ സഹിതം 24 റൺസെടുത്തു. ഇരുവരും പുറത്താവാതെ നിന്നു.
നേരത്തെ, ബാറ്റിംഗ് തകർച്ച നേരിട്ട മറാത്ത അറേബ്യൻസിനായി 37 റൺസെടുത്ത ദാസുൻ ഷനകയാണ് തിളങ്ങിയത്. 19 പന്തുകളിൽ രണ്ട് വീതം ബൗണ്ടറികളും സിക്സറുകളും സഹിതമാണ് ശ്രീലങ്കൻ ഓൾറൗണ്ടർ മറാത്ത അറേബ്യൻസിൻ്റെ ടോപ്പ് സ്കോററായത്. ഷനകക്കൊപ്പം 17 പന്തുകളിൽ 24 റൺസെടുത്ത ചാഡ്‌വിക് വാൾട്ടണും മറാത്തക്കായി തിളങ്ങി. ഇന്നിംഗ്സിൻ്റെ ആദ്യ പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ മറാത്ത അറേബ്യൻസിന് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു കൊണ്ടിരുന്നു. ആഡം ലിത്ത് (0), ക്രിസ് ലിൻ (4), യുവ്‌രാജ് സിംഗ് (6) എന്നിവർക്കൊന്നും തിളങ്ങാനായില്ല.
രണ്ട് വിക്കറ്റും 58 റൺസുമെടുത്ത റസലാണ് കളിയിലെ താരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here