ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം

ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം. സുപ്രിംകോടതി വിഷയത്തിൽ വ്യക്തത വരുത്തുന്നത് വരെ കാത്തിരിക്കണമെന്നാണ് ബോർഡിന് നിയമോപദേശം ലഭിച്ചത്. വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാമെന്നാണ് കോടതി ഉത്തരവ്.
വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വിഷയം വിട്ടത് ഭൂരിപക്ഷ ജഡ്ജിമാരാണ് ക്ഷേത്ര പ്രവേശന ചട്ടത്തിന്റെ സാധുത വിശാല ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. ഇക്കാരണങ്ങൾ പരിഗണിച്ചാൽ നേരത്തെയുള്ള ഉത്തരവ് പാലിക്കപ്പെടേണ്ടതില്ല.
ദേവസ്വം ബോർഡ് കൗൺസൽ അഡ്വ. എസ് രാജ് മോഹനാണ് നിയമോപദേശം നൽകിയത്. അഡ്വക്കേറ്റ് ജനറൽ സമാന സ്വഭാവമുള്ള നിയമോപദേശം സർക്കാരിന് നൽകിയതിന് പിന്നാലെയാണ് ബോർഡിനും നിയമോപദേശം ലഭിച്ചത്.
സുപ്രിംകോടതി വിധിയിൽ അവ്യക്തതയുണ്ടെന്ന നിലപാടിലാണ് സർക്കാരും സിപിഐഎമ്മും. അതുകൊണ്ടുതന്നെ തിടുക്കപ്പെട്ട തീരുമാനങ്ങളുണ്ടാകില്ല. സുപ്രിംകോടതിയിൽ നിന്ന് കൃത്യമായ മാർഗ നിർദേശങ്ങളുണ്ടാകണമെന്നാണ് നിലപാട്. ഇതിന് നിയമപരമായ വഴിതേടും. കോടതി ഉത്തരവുമായി വന്നാൽ മാത്രമേ ശബരിമലയിലേക്ക് പോകുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകുകയുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here