ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ അധ്യാപകൻ സുദർശൻ പത്മനാഭനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും

മദ്രാസ് ഐഐടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ അധ്യാപകൻ സുദർശൻ പത്മനാഭനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫിൽ നിന്നും മൊഴിയെടുത്ത ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് കൂടുതൽ മൊഴിയെടുപ്പിന് കൊല്ലത്തേക്ക് വരും. സുദർശൻ പത്മനാഭനെതിരെ നടപടി ആവശ്യപ്പെട്ട് പിതാവ് മദ്രാസ് ഐഐടി ഡയറക്ടർക്ക് മെയിൽ അയച്ചു.
മദ്രാസ് ഐഐടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആരോപണ വിധേയനായ സുദർശൻ പത്മനാഭൻ കാമ്പസ് വിട്ടു പോകരുതെന്ന നിർദേശം ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് നൽകി. ക്യാംമ്പസിൽ സുരക്ഷ ശക്തമാക്കി. സുദർശൻ പത്മനാഭനെതിരെ നടപടി തേടിയും ആഭ്യന്തര സമിതി അന്വേഷണം ആവശ്യപ്പെട്ടും ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് മദ്രാസ് ഐഐടി ഡയറക്ടർക്ക് ഇമെയിൽ അയച്ചു.
സംഭവത്തിൽ കേന്ദ്ര മന്ത്രിമാരുടെ ഇടപെടലിൽ ഫാത്തിമയുടെ പിതാവ് സംതൃപ്തി പ്രകടിപ്പിച്ചു
ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മിഷണർ ഈശ്വര മൂർത്തിയുടെ നേതൃത്വത്തിൽ ഫാത്തിമയുടെ പിതാവിൽ നിന്നും വിശദ മൊഴിയെടുത്തു. സഹോദരി, മാതാവ് എന്നിവരിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം ഉടൻ കൊല്ലത്തെത്തും. ഫാത്തിമയുടെ ലാപ് ടോപും ഐപാഡും കൊല്ലത്തെ വസതിയിലാണ്. ഇത് അന്വേഷണ സംഘം ഏറ്റുവാങ്ങി ഫോറൻസിക് പരിശോധനക്ക് അയക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here