യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് തന്റെയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ദർശനത്തിനെത്തിയ യുവതികളെ പമ്പയിൽ നിന്ന് തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ച യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്ന സാമ്പത്തിക ബാധ്യത ഇത്തവണ ഭക്തരിൽ നിന്ന് ലഭിക്കുന്ന നടവരവിൽ കൂടി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്തരുടെ വാഹനങ്ങൾ ഇത്തവണ മുതൽ പമ്പയിലേക്ക് കടത്തിവിടും. 200 കെ.എസ്.ആർ.ടി.സി ബസുകൾ നിലയ്ക്കൽ- പമ്പ ചെയിൻ സർവീസിനായി ഉപയോഗിക്കും. ഇവയിൽ കണ്ടക്ടർമാർ ഉണ്ടാകും. കഴിഞ്ഞ തവണ ടിക്കറ്റ് എടുക്കേണ്ടത് പമ്പയിലും നിലക്കലും ഏർപ്പെടുത്തിയിരുന്ന കൗണ്ടറിൽ നിന്നായിരുന്നു. ഇത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് കണ്ടക്ടർമാരെ നിയമിച്ച് ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്. അംഗപരിമിതർക്കായി പ്രത്യേകം സർവീസ് ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here