വാളയാർ പീഡനക്കേസ്; വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി എ കെ ബാലൻ

വാളയാർ പീഡനക്കേസിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലൻ. പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും വീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കിട്ടിയിട്ടുണ്ട്. ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയിൽ കേസ് നടത്തരുത്. ഒരു
അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയിൽ അന്വേഷണം നടത്തരുതെന്നും മന്ത്രി പറഞ്ഞു.
വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട നടപടി ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. സർക്കാരിന്റെ വീഴ്ചയാണിതെന്ന ആരോപണം ഉയർന്നു.
പ്രതികൾക്കെതിരെ പ്രോസിക്യൂഷന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളെ വെറുതെ വിട്ടത്. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി നടപടിക്കെതിരെ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകിയിരിക്കുകയാണ്. കേസിന്റെ അന്വേഷണത്തിലും വിചാരണ ഘട്ടത്തിലും ഗുരുതര പിഴവുണ്ടായെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
2017 ജനുവരിയിലും മാർച്ചിലുമായാണ് വാളയാറിലെ പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. സംഭവം നടന്ന് രണ്ട് വർഷമായിട്ടും വിചാരണ ആരംഭിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സോജനും കേസിൽ ഹാജരാകുന്ന സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ലതാ ജയരാജും തമ്മിലുളള അഭിപ്രായ ഭിന്നതയായിരുന്നു ഇതിന് കാരണം. ഇത് അസാധാരണമായ കേസാണെന്നും, മറ്റൊരു സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കേസിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ട് പൊലീസ് സർക്കാരിന് കത്തെഴുതിയിരുന്നു. എന്നാൽ കേസിൽ മതിയായ തെളിവുകളില്ലെന്നും, കേസിൽ ഹാജരാകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലതാ ജയരാജ് നൽകിയ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here