ശബരിമലയുടെ ശുചീകരണ പദ്ധതി പുണ്യം പൂങ്കാവനം ഒന്‍പതാം വര്‍ഷത്തിലേക്ക്

ശബരിമല ശുചീകരത്തിലെ നാഴികക്കല്ലായ പുണ്യം പൂങ്കാവനം പദ്ധതി ഒന്‍പതാം വര്‍ഷത്തിലേക്ക്. ശബരിമലയുടെ ശുചീകരണ പ്രക്രിയയില്‍ നിര്‍ണ്ണായക പങ്കാണ് പുണ്യം പൂങ്കാവനം പദ്ധതി വഹിക്കുന്നത്. ശബരിമലയിലെ എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം.
2011-ല്‍ പി വിജയന്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരിക്കെ ആരംഭിച്ചതാണ് പുണ്യം പൂങ്കാവനം പദ്ധതി. ശബരിമല പൂങ്കാവനത്തില്‍ മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പദ്ധതിയിലൂടെ മാലിന്യ സംസ്‌കരണം, പൂങ്കാവനം മാലിന്യ മുക്തമാക്കുന്നതിനുള്ള അവബോധം വളര്‍ത്തല്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്. ഒന്‍പത് വര്‍ഷം പിന്നിടുന്ന പദ്ധതി ശബരിമലയുടെ ശുചീകരണ പ്രക്രിയയില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.
ശബരിമല തന്ത്രി ഉള്‍പ്പടെ പങ്കാളിയായാണ് പദ്ധതി നടക്കുന്നത്. സന്നിധാനം കൂടാതെ പമ്പ, നിലയ്ക്കല്‍, എരുമേലി ഭാഗങ്ങളിലും പുണ്യം പൂങ്കാവനവുമായി ബന്ധപ്പെട്ട് ശുചീകരണം നടക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഭക്തര്‍ ശബരിമലയിലേക്ക് കൊണ്ടുവരുന്നതിന് കര്‍ശന വിലക്കുണ്ട്. ഇതുസംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here