ഭിന്നശേഷിക്കാരിയായ ആരാധികക്കൊപ്പം സമയം ചെലവഴിച്ച് കോലി; ഹൃദയഹാരിയായ വീഡിയോ

വിരാട് കോലി മഹാനായ ക്രിക്കറ്റർ എന്നതിനപ്പുറം സ്നേഹസമ്പന്നനായ ഒരു മനുഷ്യനാണ്. ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിനിടെ സുരക്ഷാ വേലി ചാടിക്കടന്ന് തന്നെക്കാണാനെത്തിയ ആരാധകനെ ചേർത്തു പിടിച്ച അദ്ദേഹം ആരാധകനെ ഒന്നും ചെയ്യരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെ ഭിന്നശേഷിക്കാരിയായ ആരാധികയോടൊപ്പം സമയം ചെലവഴിച്ച് അദ്ദേഹം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.
24കാരിയായ പൂജയാണ് തൻ്റെ പ്രിയപ്പെട്ട താരത്തെ കാണാനെത്തിയത്. കസേരയിലിരിക്കുന്ന പൂജയുടെ അരികിലെത്തി വിശേഷങ്ങൾ തിരക്കിയ ഇന്ത്യൻ നായകൻ തൻ്റെ ആരാധികക്ക് ഓട്ടോഗ്രാഫ് നൽകുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ആ വീഡിയോയും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
അസാധാരണ രോഗത്താൽ ബുദ്ധിമുട്ടുന്ന പൂജ മുഴുവൻ സമയവും വീട്ടിൽ തന്നെയാണ് സമയം ചെലവഴിക്കുക. എങ്കിലും പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ പൂജ കംപ്യൂട്ടറിന്റെ അടിസ്ഥാന കോഴ്‌സുകളും പാസായിട്ടുണ്ട്. ഇൻഡോറിലാണ് പൂജയുടെ താമസം.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ഇന്നിംഗ്സ് ജയത്തോടെ ഇന്ത്യയ്ക്കായി ഏറ്റവുമധികം ഇന്നിംഗ്സ് ജയം നേടുന്ന ഇന്ത്യൻ നായകനെന്ന നേട്ടം വിരാട് സ്വന്തമാക്കിയിരുന്നു. ഒൻപത് ഇന്നിംഗ്സ് വിജയങ്ങളുള്ള എംഎസ് ധോണിയെയാണ് കോലി മറികടന്നത്. മത്സരത്തിൽ ഇന്നിംഗ്സിനും 130 റൺസിനുമാണ് ഇന്ത്യ അയൽക്കാരെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്സിൽ 150 റൺസിനു പുറത്തായ ബംഗ്ലാദേശിനു മറുപടിയായി ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ ആറു വിക്കറ്റിന് 493 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 213 റൺസിനു പുറത്തായി.
ടെസ്റ്റ് കരിയറിലെ രണ്ടാം ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് മത്സരത്തിൻ്റെ ഗതി തീരുമാനിച്ചത്. രണ്ട് ഇന്നിംഗ്സുകളിലായി മുഹമ്മദ് ഷമി ഏഴ് വിക്കറ്റുകൾ വീഴ്ത്തി.
This video of @imVkohli greeting his fan in Indore will melt your heart. #UserGeneratedContent (@ReporterRavish)
More videos: https://t.co/FAHzdk9TO8 pic.twitter.com/tp3sUPr8H1
— India Today (@IndiaToday) November 16, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here