ജാതി സർട്ടിഫിക്കറ്റില്ല; അവഗണന ഏറ്റുവാങ്ങി സ്‌കൂൾ കായിക മേളയിലെ അത്‌ലറ്റിന്റെ കുടുംബം

ജാതി സർട്ടിഫിക്കറ്റ് ഒരു അത്‌ലറ്റിന്റെ ആത്മവിശ്വാസം കെടുത്തുമോ..? നാടോടി മാതാപിതാക്കളുടെ മകൻ എം മുത്തുരാജിനു അങ്ങനെ ഒരനുഭവം പങ്കുവെക്കാൻ ഉണ്ട്. അത്‌ലറ്റിക് മികവിന്റെ അടിസ്ഥാനത്തിൽ സഹോദരന് സൈന്യത്തിൽ ജോലി തരപ്പെട്ടെങ്കിലും ജാതി സർട്ടിഫിക്കേറ്റ് ഇല്ലാത്തതിനാൽ വീണ്ടും കുപ്പി പെറുക്കാൻ ഇറങ്ങേണ്ടി വന്നു മുത്തുവിന്റെ കുടുംബത്തിന്.
സബ് ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ വെള്ളി നേടിയിട്ടും എളയാവുർ സ്‌കൂളിലെ മുത്തുരാജിന്റെ നെഞ്ചിൽ സങ്കടത്തിന്റെ വേലിയേറ്റമാണ്. ചേട്ടൻ ശിവന് പട്ടാളത്തിൽ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ ഒരുപാടു സന്തോഷിച്ചു ആ കുടുംബം. എന്നാൽ, ജാതി സർട്ടിഫിക്കറ്റ് തരാൻ കഴിയില്ലെന്ന അധികൃതരുടെ നിലപാട് ശിവന്റെ മാത്രമല്ല, 8 പേരടങ്ങുന്ന ഈ നാടോടി കുടുംബത്തിന്റെ ജീവിതത്തിന്റെ താളമാണ് തെറ്റിച്ചത്. ഇങ്ങനെ ഒക്കെ ആണ് ഇനിയും എങ്കിൽ എന്തിന് കായിക രംഗത്തു തുടരണം എന്ന് നിറ കണ്ണുകളോടെ ചോദിക്കുകയാണ് ഈ 13കാരൻ.
6 മക്കളുണ്ട് ശേഖരനും വെള്ളയമ്മക്കും. 6 പേരും ട്രാക്കിലെ താരങ്ങൾ. എന്നാൽ, കുട്ടികൾക്ക് ഒരു നേരം പോലും വയറു നിറച്ച് ഭക്ഷണം വിളമ്പി കൊടുക്കാൻ കഴിഞ്ഞിട്ടില്ല ഈ അച്ഛനും അമ്മയ്ക്കും. ഇരട്ടി പ്രഹരമായി ത്വക്ക് പൊട്ടി പൊളിഞ്ഞു വേദനിപ്പിക്കുന്ന മാറാരോഗം ഉണ്ട് വെള്ളയമ്മയ്ക്കു. ഇനിയെല്ലാം വിധിക്ക് വിട്ടു കൊടുക്കുകയാണ് ഈ കുടുംബം. അലിവുള്ളവർ കാണട്ടെ… മനസ്സുള്ളവർ സഹായിക്കട്ടെ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here