ശബരിമല യുവതീപ്രവേശം വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിയമോപദേശം

ശബരിമലയിൽ യുവതീപ്രവേശം വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിയമോപദേശം. നിലവിലെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിൽ ആശയക്കുഴപ്പം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഹൈക്കോടതിയിലെ ബോർഡിന്റെ അഭിഭാഷകൻ എസ് രാജ് മോഹനാണ് നിയമോപദേശം നൽകിയത്.
വിശ്വാസ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് വിശാല ബെഞ്ച് പരിശോധിക്കന്നതാവും ഉചിതമെന്നും സുപ്രീംകോടതിയുടെ തന്നെ മുൻ ഉത്തരവുണ്ടെന്നും ബോർഡിന്റെ അഭിഭാഷകൻ ചുണ്ടിക്കാട്ടുന്നു.
യുവതീപ്രവേശം സംബന്ധിച്ച തർക്കങ്ങൾ വിശാല ബെഞ്ച് പരിശോധിക്കണമെന്ന് നിർദേശിച്ചത് നിലവിൽ കേസ് പരിഗണിച്ച ബെഞ്ച് തന്നെയാണ്. 1965 ലെ കേരള പൊതു ആരാധനാ സ്ഥല ചട്ടത്തിലെ സെക്ഷൻ മൂന്ന് (ബി) വിശാല ബെഞ്ച് പരിശോധിക്കണമെന്നാണ് അഞ്ചംഗ ബെഞ്ചിന്റെ നിർദേശം.
അതേസമയം, ശബരിമലയിൽ യുവതീപ്രവേശം തൽക്കാലത്തേക്ക് വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സർക്കാരും. സുപ്രീം കോടതി വിധിയിൽ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാൽ സ്റ്റേയുണ്ടെന്ന് നിയമമന്ത്രി എകെ ബാലനും വ്യക്തമാക്കുകയുണ്ടായി. വിശാല ബെഞ്ചിലേക്ക് വിട്ടതോടെ 2018-ലെ വിധി എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന പ്രശ്നവും സർക്കാരിന് മുന്നിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here