ഇരുചക്ര വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി കര്‍ശന പരിശോധനയുമായി പൊലീസ്

മലപ്പുറം ജില്ലയിലെ ഇരുചക്ര വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി കര്‍ശന പരിശോധനയുമായി പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലും പരിശോധന ആരംഭിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം ആറുവരെയാണ് പരിശോധന.
മലപ്പുറം കോട്ടക്കുന്നില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ റോഡപകടങ്ങളില്‍ മരിച്ചവരുടെ ഓര്‍മ ദിനം ആചരിച്ചിരുന്നു. ഈ വര്‍ഷം മാത്രം മലപ്പുറം ജില്ലയില്‍ വാഹനാപകടത്തില്‍ 328 പേരാണ് മരിച്ചത്. അതില്‍ 131 പേരും ഇരുചക്ര വാഹന യാത്രക്കാരാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം വര്‍ധനവാണ് ഇരുചക്ര വാഹനാപകടങ്ങളില്‍ ഉണ്ടായത്.
ഇരുചക്ര വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരീം നിര്‍ദേശം നല്കിയത്. ജില്ലയിലെ 34 പൊലീസ് സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ചാണ് പരിശോധന. സ്റ്റേഷന്റെ 100 മീറ്റര്‍ ഏരിയ എങ്കിലും സുരക്ഷിത മേഖലയായി പ്രഖ്യാപിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here