എംഎസ്‌കെ പ്രസാദിന്റെ അവസാന ടീം തെരഞ്ഞെടുപ്പ് നാളെ; വിൻഡീസിനെതിരായ ടീം പ്രഖ്യാപനത്തിനു ശേഷം കളമൊഴിയും

എംഎസ്‌കെ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റിയുടെ അവസാന ടീം പ്രഖ്യാപനം നാളെ. വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമാണ് നാളെ സെലക്ഷൻ കമ്മറ്റി പ്രഖ്യാപിക്കുക. അഞ്ച് അംഗങ്ങളടങ്ങിയ സെലക്ഷൻ കമ്മറ്റിയാണ് ടീം പ്രഖ്യാപനത്തിനു ശേഷം സ്ഥാനമൊഴിയുക.
രോഹിത് ശർമ്മക്ക് വിശ്രമം അനുവദിക്കുമെന്ന സൂചന നിലനിൽക്കെ മായങ്ക് അഗർവാൾ ടീമിലെത്താൻ സാധ്യതയുണ്ട്. ശിഖർ ധവാൻ മോശം ഫോമിലൂടെ കടന്നു പോകുന്നതു കൊണ്ട് തന്നെ ബാക്കപ്പ് ഓപ്പണർ എന്ന നിലയിലാവും മായങ്കിനെ പരിഗണിക്കുക. ലോകേഷ് രാഹുലാവും സ്ഥിരം ഓപ്പണർ. ഋഷഭ് പന്തിൻ്റെ മോശം ഫോമിൻ്റെ പശ്ചാത്തലത്തിൽ സെലക്ഷൻ കമ്മറ്റി ശ്രദ്ധേയമായ ഒരു തീരുമാനം എടുക്കാനും സാധ്യതയുണ്ട്. മുൻ നായകൻ എംഎസ് ധോണി ടീമിനൊപ്പം പരിശീലനത്തിൽ ഏർപ്പെട്ടത് പന്തിൻ്റെ സ്ഥാനത്തിനു ഭീഷണിയാകുമെന്നാണ് വിവരം. അതേ സമയം, വിടവാങ്ങൽ മത്സരമാവും വിൻഡീസിനെതിരെ ധോണി കളിക്കുക എന്നും ചില റിപ്പോർട്ടുകളുണ്ട്.
ഹർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ തുടങ്ങിയവരൊക്കെ പരിക്കിൻ്റെ പിടിയിലായതു കൊണ്ട് തന്നെ ശിവം ദുബേ, ശർദ്ദുൽ താക്കൂർ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തിയേക്കും. ഒപ്പം, മോശം പ്രകടങ്ങൾ നടന്നുന്ന ഖലീൽ അഹ്മദിനു പകരം ബംഗ്ലാദേശിനെതിരായ ടി-20 സീരീസിൽ മികച്ച പ്രകടനം നടത്തിയ ദീപക് ചഹാറും ടീമിൽ ഇടം നേടിയേക്കും. സഞ്ജുവിന് അവസരം ലഭിക്കാനിടയില്ല.
എംഎസ്‌കെ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിക്ക് പകരം മുൻ ഇന്ത്യൻ താരങ്ങളായ ലക്ഷ്മൺ ശിവരമകൃഷ്ണൻ, ദീപ് ദാസ് ഗുപ്ത, ആശിഷ് നെഹ്റ തുടങ്ങിയവർ സെലക്ഷൻ കമ്മറ്റി പാനലിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഡിസംബർ ഒന്നിനു നടക്കുന്ന ബിസിസിഐ യോഗത്തിൽ ഇക്കാര്യം തീരുമാനിക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here