വർണ വെറിക്കെതിരെ സന്ദേശമുയർത്തി ഡിയോങും വെയ്നാൾഡവും; വീഡിയോ

ഫുട്ബോൾ മൈതാനങ്ങളിലെ വംശീയ വിദ്വേഷവും വർണ വെറിയും ഇപ്പോൾ ഏറെ ഉയർന്നു കേൾക്കുന്നുണ്ട്. റൊമേലു ലുക്കാകു, മരിയോ ബലോട്ടല്ലി, പോൾ പോഗ്ബ, റഹീം സ്റ്റെർലിങ് എന്നിങ്ങനെ ഒട്ടേറെ കളിക്കാർ ഇതിന് ഇരയായിട്ടുണ്ട്. റേസിസം തുടച്ചു നീക്കാൻ ഫിഫ പറ്റുന്നതു പോലെയൊക്കെ പരിശ്രമിക്കുന്നുണ്ടെങ്കിലും അത് കാര്യമായ വിജയം കാണുന്നില്ല. ഇതിനിടെയാണ് നെതർലൻഡ്സ് ദേശീയ ടീം അംഗങ്ങളായ ജോർജീഞ്ഞോ വെയ്നാൾഡവും ഫ്രാങ്കി ഡി യോങ്ങും റേസിസത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം എസ്തോണിയക്കെതിരെ നടന്ന യൂറോ യോഗ്യതാ മത്സരന്മായിരുന്നു വേദി. ആറാം മിനിട്ടിൽ ആദ്യ ഗോൾ സ്കോർ ചെയ്ത ലിവർപൂൾ മിഡ്ഫീൽഡർ വെയ്നാൾഡം ടച്ച് ലൈനിൽ, ഡച്ച് ബെഞ്ചിനരികിലേക്ക്ക് നീങ്ങി. ഉടൻ വെയ്നാൾഡത്തിനൊപ്പം ബാഴ്സലോണ മിഡ്ഫീൽഡർ ഡിയോങും ചേർന്നു. ഇരുവരും തങ്ങളുടെ കൈകൾ നീട്ടിപ്പിച്ച് തൊലിനിറം ക്യാമറയിലേക്ക് കാണിച്ചു. വ്യത്യസ്തമായ തൊലിനിറമുണ്ടെങ്കിലും തങ്ങൾ കളിക്കുന്നത് ഒരു പതാകക്ക് കീഴിലാണെന്ന പ്രഖ്യാപനമായിരുന്നു അത്.
ഇരുവരുടെയും പ്രവൃത്തി സോഷ്യൽ മീഡിയ ഹൃദയം കൊണ്ടാണ് ഏറ്റെടുത്തത്. പറച്ചിലിനപ്പുറം ഇത്തരം പ്രവൃത്തികൾ ഫുട്ബോൾ ലോകത്ത് വ്യക്തമായ മാറ്റം കൊണ്ടുവരുമെന്നാണ് ട്വിറ്റർ ലോകത്തിൻ്റെ പ്രതികരണം.
മത്സരത്തിൽ ഹാട്രിക്ക് നേടിയ വെയ്നാൾഡമിൻ്റെ മികവിൽ എസ്തോണിയയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് നെതർലൻഡ്സ് പരാജയപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here