അടുത്ത വർഷം മുതൽ ഐപിഎല്ലിൽ ഒൻപത് ടീമുകൾ; ശ്രദ്ധേയ മാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

2020 ഐപിഎൽ സീസൺ മുതൽ ലീഗിൽ ഒൻപത് ടീമുകളുണ്ടാവുമെന്ന് സൂചന. നിലവിൽ എട്ടു ടീമുകളുള്ള ലീഗിലേക്ക് ഒരു ടീമിനെക്കൂടി ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങൾ ബിസിസിഐ നടത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. ബിസിസിഐ അംഗത്തിനെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഐപിഎൽ 10 ടീമുകളാക്കി അധികരിപ്പിക്കും എന്ന പഴയ വാർത്തയുമായി ബന്ധപ്പെട്ടാണ് പുതിയ റിപ്പോർട്ട്. 10 ടീമുകൾ കളിക്കുമ്പോൾ ആകെ 90 മത്സരങ്ങൾ ഉണ്ടാവും. അത് രാജ്യാന്തര ക്രിക്കറ്റ് കലണ്ടറിനു ക്ഷീണമുണ്ടാക്കുമെന്ന് ബിസിസിഐ കരുതുന്നു. അതുകൊണ്ട് തന്നെ 9 ടീമുകളെ ഉൾക്കൊള്ളിച്ച് ലീഗ് നടത്താമെന്നാണ് ബിസിസിഐ കരുതുന്നത്. അതേ സമയം, 2022 വരെ 9 ടീമുകളും 2023 മുതൽ 10 ടീമുകളും ലീഗിലുണ്ടാവുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഐസിസിയുടെ എഫ്ടിപി (ഫ്യൂച്ചർ ടൂർ പ്രോഗ്രാം) ഇനി 2023ലാണുള്ളത്. നിലവിലെ കലണ്ടർ പരിഗണിക്കുമ്പോൾ 9 ടീമുകളടങ്ങുന്ന 76 മാച്ചുകൾ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടില്ലെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പുതിയ ഫ്രാഞ്ചസിയുടെ അടിസ്ഥാന വില 2000 കോടി രൂപ ആയിരിക്കും. അഹമദാബാദിൽ പണി കഴിപ്പിച്ചു കൊണ്ടിരിക്കുന്ന സർദാർ പട്ടേൽ സ്റ്റേഡിയം ഹോം ഗ്രണ്ടാക്കിക്കൊണ്ടുള്ള ഫ്രാഞ്ചസിയാവും അടുത്ത സീസണിൽ ഐപിഎല്ലിലെ കന്നിക്കാരാവുക എന്നാണ് വിവരം. 1.10 ലക്ഷം ആൾക്കാരെ ഉൾക്കൊള്ളുന്ന ഈ സ്റ്റേഡിയം ഹോം ഗ്രൗണ്ടാണെങ്കിലും ടീം എവിടെ നിന്നാവും എന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യവസ്ഥകൾ ലംഘിച്ചെന്ന കുറ്റത്തിന് ബിസിസിഐ പുറത്താക്കിയ കൊച്ചി ടസ്കേഴ്സിന് ഫ്രാഞ്ചസി ലഭിക്കുമോ നഷ്ടപരിഹാരം എന്നത് വലിയ ചോദ്യമാണെന്നും നിയമ പോരാട്ടങ്ങൾ സുഗമമായി പരിഹരിക്കുമെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു. കൊച്ചി ടസ്കേഴ്സിന് ബിസിസിഐ 800 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതിയുടെ വിധി. ഇതിനെതിരെ ബിസിസിഐ നൽകിയ ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here