പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; സ്‌കൂളിന് കുറ്റകരമായ വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി

സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിക്കുള്ളിൽവച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്‌കൂളിന് കുറ്റകരമായ വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കുട്ടി മരിക്കാനിടയായ സംഭവത്തിൽ ബന്ധപ്പെട്ടവർ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഷിജിൽ എന്ന അധ്യാപകന് വീഴ്ച പറ്റിയെന്നും അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഡ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. മറ്റ് അധ്യാപകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. ക്ലാസിനകത്ത് നിന്നാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുന്നത്. ക്ലാസ് മുറികൾ പരിശോധിച്ച് കുഴികൾ ഉണ്ടെങ്കിൽ നാളെ തന്നെ അടയ്ക്കാൻ നിർദേശം നൽകി. അതോടൊപ്പം പിടിഎ, അധ്യാപകർ ഉൾപ്പെടെയുള്ളവർക്കുള്ള ചുമതലയെക്കുറിച്ച് പ്രത്യേകം ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഷഹ്‌ല ഷെറിന്റെ വീട്ടിൽ സന്ദർശനം നടത്തുന്ന കാര്യവും മന്ത്രി സൂചിപ്പിച്ചു. ശനിയാഴ്ച രാവിലെയാകും കുട്ടിയുടെ വീട്ടിലെത്തുക. അതേസമയം ചെരുപ്പുകൾ ക്ലാസ് മുറിക്ക് പുറത്തിടണമെന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്തുകൊണ്ട് സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story highlights- Snake bite, School student, c raveendranath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here