സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കണം; പെൻഷൻ 25000ൽ ഒതുക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി പിസി ജോർജ്

സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കണമെന്ന് ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. ഇക്കാര്യം ആവശ്യപ്പെട്ട് പിസി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സർക്കാർ ജീവനക്കാർക്ക് നൽകുന്ന പെൻഷൻ 25000 രൂപയിൽ ഒതുക്കണമെന്നും അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന വരുമാനത്തിൻ്റെ 80 ശതമാനവും ചെലവഴിക്കുന്നത് 10 ലക്ഷത്തോലം മാത്രം വരുന്ന സർക്കാർ ജീവനക്കാർക്കായാണ്. റവന്യൂ വരുമാനത്തിൻ്റെ 24 ശതമാനവും പെൻഷൻ നൽകാനായി മാറ്റി വെക്കേണ്ട അവസ്ഥയുണ്ട്. പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയ പണത്തിനു പലിശയായി റവന്യൂ വരുമാനത്തിൻ്റെ 18 ശതമാനം നൽകുന്നു. ബാക്കിയുള്ള പണത്തിൻ്റെ 42 ശതമാനവും സർക്കാർ ഉദ്യോഗസ്ഥർക്ക് സമ്പളമായി നൽകേണ്ട സ്ഥിതിയാണെന്നാണ് നിവേദനത്തിൽ പിസി ജോർജ് ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാന വരുമാനത്തിൻ്റെ 15 ശതമാനം മാത്രമാണ് വികസന പ്രവർത്തനങ്ങൾക്കും മറ്റും ചെലവഴിക്കുന്നത്. കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടെയുള്ള 3.5 കോടി ജനങ്ങൾ ആത്മഹത്യയുടെ വക്കിലാണ്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെയാണ് 10 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കായി കെ മോഹൻദാസ് ചെയർമാനായ ശമ്പളപരിഷ്ക്കരണ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. ശമ്പളപരിഷ്കരണത്തിനു വേണ്ടത് 14000 കോടി രൂപയാണെന്ന പൊതു ചർച്ചയും നടക്കുന്നു. ഇത്തരത്തിൽ, സംസ്ഥാനം കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന സാഹചര്യത്തിൽ ശമ്പള കമ്മീഷനെ മരവിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളണമെന്നും നിവേദനത്തിലൂടെ പിസി ജോർജ് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here