‘രണ്ടാമൂഴം’ വിവാദം: വിഎ ശ്രീകുമാറിന്റെ ഹർജി തള്ളി; എംടിയുടെ കേസ് തുടരാമെന്ന് കോടതി
‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ സംവിധായകൻ വിഎ ശ്രീകുമാറിന് വീണ്ടും തിരിച്ചടി. നോവൽ സിനിമയാക്കുന്നതിനുള്ള കരാർ, വിഎ ശ്രീകുമാർ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നോവലിൻ്റെ സ്രഷ്ടാവ് എംടി വാസുദേവൻ നായർ കോഴിക്കോട് ഫസ്റ്റ് അഡീഷണൽ മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ നടപടികൾ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസിൽ മധ്യസ്ഥ ചർച്ച വേണമെന്ന ശ്രീകുമാറിന്റെ ആവശ്യം മുൻസിഫ് കോടതിയും കോഴിക്കോട് ജില്ലാ കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ശ്രീകുമാർ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യത്തിൽ നിലപാടെടുത്തത്.
രണ്ടാമൂഴം സിനിമയാക്കാനായി എംടിയും ശ്രീകുമാറും 2014ലാണ് കരാറൊപ്പിട്ടത്. കരാർ ഒപ്പിട്ട് മൂന്നു വർഷത്തിനുള്ളിൽ സിനിമ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കാലാവധി കഴിഞ്ഞ് ഒരു വർഷം കൂടി നൽകിയിട്ടും സിനിമ യാഥാർത്ഥ്യമായില്ല. തുടർന്നാണ് എംടി ശ്രീകുമാറിനെതിരെ നിയമനടപടികളുമായി രംഗത്തു വന്നത്. കേസ് നൽകിയതിനു ശേഷം മൂന്നു തവണ സംവിധായകൻ എംടിയെ കണ്ട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here