‘ ഒന്ന് ആശുപത്രിയില്‍ കൊണ്ടോയിക്കൂടെ… ജീവന്‍ കിട്ടൂലാരൂന്നോ…’ നെഞ്ചുപൊട്ടി സഹപാഠികള്‍

വയനാട് ബത്തേരി പുത്തന്‍കുന്നില്‍ സ്‌കൂളില്‍വച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ടീച്ചര്‍മാര്‍ ആരെങ്കിലും ഒന്ന് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കില്‍ കുട്ടിയെ ജീവനോടെ രക്ഷിക്കാമായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാധ്യമങ്ങളോടായിരുന്നു സഹപാഠികളുടെ പ്രതികരണം.
വിദ്യാര്‍ത്ഥിനിയുടെ പ്രതികരണം ഇങ്ങനെ….
” ഞാനിവിടെ സെവന്‍ത് ബിയില്‍ പഠിക്കുന്ന സ്റ്റുഡന്റാണ്. ഇന്നലെ ഏഴാമത്തെ പീഡിയഡ് സാറ് ക്ലാസ് എടുക്കുവാരുന്നു. ക്ലാസ് എടുക്കുന്ന സമയത്ത് ഓരോരോ കുട്ടികള്‍ വന്ന് ലീനാ മിസ് വിളിക്കുന്നുണ്ട്, ഷജില്‍ സാറ് വിളിക്കുന്നുണ്ട് എന്നിങ്ങനെ പറഞ്ഞു.
അപ്പോ സാറ് ഓടിവന്നു, ഇവിടെ എന്താ നടക്കുന്നേന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങള് ക്ലാസിലിരിക്കായിരുന്നു. അപ്പോ ബോയ്‌സ് വന്നു പറഞ്ഞു അട്ടകടിച്ചതാണെന്ന്. അട്ടകടിച്ചാല്‍ ഇത്രേം ചോര വരില്ല. അപ്പോ കുറെ ആള്‍ക്കാര്‍ പറഞ്ഞു പാമ്പ് കടിച്ചതാണെന്ന്. ഞങ്ങളൊക്കെ ഓടിവന്ന് നോക്കി. ഓടിവന്ന് നോക്കിയപ്പോ ഷജില്‍ സാറ് ഞങ്ങളെ വടിയെടുത്ത് ഓടിക്കുവാരുന്നു.
നോക്കിപ്പോ… കുട്ടി ആ കസേരയില്‍ തളര്‍ന്നിരിക്കുവാ. എന്നിട്ട് ഒരാളുപോലും ആ കുട്ടീന്റെ ചോര കഴുകി കൊടുത്തില്ല. കുട്ടീനെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചില്ല. അത്രേം നേരം ആ കുട്ടി ഇവിടെ ഇരുന്നു. സ്‌കൂള്‍ വിടാന്‍ അഞ്ച് മിനിറ്റ് മുന്‍പാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഉപ്പ വന്നാ കൊണ്ടുപോയത്. അതിനു മുമ്പ് ഇവിടുന്ന് ഒരു ടീച്ചറ് ഒന്നു കൊണ്ടുപോയിരുന്നെങ്കില്‍ ആ കുട്ടിടെ ജീവന്‍ ഇപ്പോ കിട്ടൂലാരുന്നോ…? ഉപ്പ വന്ന് എടുത്തോണ്ടുപോകുവാ ചെയ്തത്.
ആണി കുത്തിയതാ, ബെഞ്ച് ഒരഞ്ഞതാ, തറയില്‍ ഒരഞ്ഞതാ എന്നാ പറഞ്ഞത്. ഒന്ന് ആശുപത്രിയില്‍ എത്തിച്ചൂടെ…? കുട്ടി രണ്ടുമൂന്നുപ്രാവശ്യം പറഞ്ഞ് പാമ്പ് കടിച്ചതാന്ന്.”
സംഭവത്തില്‍ സ്‌കൂളിനെതിരെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം ശക്തമാവുകയാണ്. ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹ്‌ല ഷെറിനാണ് (10) ഇന്നലെ പാമ്പ് കടിയേറ്റ് മരിച്ചത്.ബത്തേരി പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍വീട്ടില്‍ അഡ്വ.അസീസിന്റെ മകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചതും ക്ലാസ് മുറികള്‍ വേണ്ട രീതിയില്‍ പരിപാലിക്കാത്തതുമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ക്ലാസ് മുറികളില്‍ നിരവധി മാളങ്ങള്‍ ഇനിയുമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ക്ലാസ് മുറിയില്‍വെച്ച് ഷഹ്‌ല ഷെറിന് പാമ്പുകടിയേറ്റത്. സിമന്റ് തറയില്‍ കാല് കുടുങ്ങുകയും കാലില്‍ മുറിവ് പറ്റിയതായും ആണ് ആദ്യം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്. പാമ്പ് കടിച്ചതാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞെങ്കിലും അധ്യാപകര്‍ ഗൗനിച്ചില്ലെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍. രക്ഷിതാവിനെ വിവരമറിയിക്കാന്‍ തന്നെ ഒരുമണിക്കൂറോളം വൈകിയെന്നും കുട്ടികള്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here