പിങ്ക് പന്തില്‍ തിളങ്ങി ഇന്ത്യന്‍ ബൗളിംഗ്; ബംഗ്ലാദേശ് 106-ന് പുറത്ത്

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനം. പിങ്ക് പന്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ അരങ്ങേറ്റം ഗംഭീരമായതോടെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 106 റണ്‍സിന് അവസാനിച്ചു.
പിങ്ക് പന്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് ഇന്ത്യന്‍ ബൗളിംഗിന് കരുത്തായത്.
ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടു വിക്കറ്റും വീഴ്ത്തി. കൂട്ടത്തകര്‍ച്ച നേരിട്ട ബംഗ്ലാദേശിന് 30.3 ഓവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായത്.
ഇഷാന്തിന്റെ പന്ത് ഹെല്‍മറ്റിലിടിച്ച് മടങ്ങിയ ലിട്ടണ്‍ ദാസിനു പകരം മെഹ്ദി ഹസന്‍ ബാറ്റിങ്ങിനിറങ്ങി.
ഷദ്മാന്‍ ഇസ്ലാം (29), ലിട്ടണ്‍ ദാസ് (24 റിട്ടയേര്‍ഡ് ഹര്‍ട്ട്), നയീം ഹസ്സന്‍ (19) എന്നിവര്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കണ്ടത്. ഇമ്രുള്‍ കയെസ് (4), ക്യാപ്റ്റന്‍ മോമിനുള്‍ ഹഖ് (0), മുഹമ്മദ് മിഥുന്‍ (0), മുഷ്ഫിഖുര്‍ റഹീം (0), മഹ്മദുള്ള (6), എബാദത്ത് ഹുസൈന്‍ (1), അബു ജായെദ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിങ്ക് പന്തിന്റെ പേസും വേരിയേഷനും മനസിലാക്കുന്നതില്‍ ബംഗ്ലാദേശ് താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അവസരം മുതലെടുക്കുകയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍.
അതേസമയം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് 26 റണ്‍സെടുക്കുന്നതിനിടെ
മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് നഷ്ടമായി.
Story Highlights: India vs Bangladesh, Pink Ball Test, India’s first day-night cricket test at Eden Gardens.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here