മരടിലെ ആൽഫ സെറീൻ ഫ്‌ളാറ്റ് പൊളിക്കുന്നത് താത്ക്കാലികമായി നിർത്തിവച്ചു

മരടിലെ ആൽഫ സെറീൻ ഫ്‌ളാറ്റ് പൊളിക്കുന്നത് താത്ക്കാലികമായി നിർത്തിവച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് സബ് കളക്ടറുടെ തീരുമാനം. ഫ്‌ളാറ്റിലെ അനുബന്ധ കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്ന് സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അതേസമയം മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ ജയിൻ ഹൗസിങ് ഉടമ സന്ദീപ് മേത്ത മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് കരാർ ഏറ്റെടുത്ത വിജയ് സ്റ്റീൽ കമ്പനി അനുബന്ധ കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി രാവിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കെട്ടിടം പൊളിച്ചപ്പോൾ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതോടെ നാട്ടുകാർ പരാതിയുമായി സബ് കലക്ടറെ സമീപിക്കുകയായിരുന്നു. വൈകിട്ട് ആറു മണിയോടെ സ്ഥലത്തെത്തിയ സബ് കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഫ്‌ളാറ്റ് പൊളിക്കുന്നത് നിർത്തിവയ്ക്കാൻ നിർദേശം നൽകി. കേടുപാടുണ്ടായ വീടുകൾ സന്ദർശിച്ച ശേഷമാണ് സബ് കലക്ടറുടെ നടപടി.
സ്വിമ്മിങ്ങ് പൂളിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചത് അശാസ്ത്രീയമെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് ആൽഫ സെറീൻ ഫ്‌ളാറ്റ് തത്ക്കാലം പൊളിക്കേണ്ടന്ന് കരാറെടുത്ത കമ്പനിക്ക് നിർദേശം നൽകിയത്. ഇപ്പോഴത്തെ രീതിയിൽ ഫ്‌ളാറ്റ് പൊളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. നാളെ കരാർ കമ്പനിയുമായി സബ് കലക്ടർ ചർച്ച നടത്തിയ ശേഷം ബദൽ മാർഗങ്ങൾ സ്വീകരിക്കും. ഈ രീതിയിൽ ഫ്‌ളാറ്റുകൾ പൊളിക്കുന്നത് തുടർന്നാൽ തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ ജയിൻ ഹൗസിങ് ഉടമ സന്ദീപ് മേത്ത മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതി മേത്തയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേതുടർന്ന് സന്ദീപ് മേത്തയെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തുമ്പോഴാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here