പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം: വയ്യാതാകുന്ന കുട്ടികളെ അധ്യാപകർ ആശുപത്രിയിലെത്തിക്കുന്ന പതിവില്ലെന്ന് സഹപാഠി ട്വന്റി ഫോറിനോട്

വയനാട് സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂളിൽ വച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ഷഹല ഷെറിന്റെ സഹപാഠി നിത ഫാത്തിമ ട്വന്റി ഫോറിൽ.
സ്‌കൂളിൽ നിന്ന് വയ്യാതാകുന്ന കുട്ടികളെ അധ്യാപകർ ആശുപത്രിയിലെത്തിക്കുന്ന പതിവില്ലെന്നും എത്ര വയ്യാത്ത കുട്ടിയാണെങ്കിലും രക്ഷിതാവ് എത്തിയാണ് ആശുപത്രിയിൽ എത്തിക്കാറെന്നും സ്‌കൂളിൽ പലയിടങ്ങളിൽ നിന്നായി പാമ്പിനെ കണ്ടിട്ടുണ്ടെന്നും നിത ഫാത്തിമ പറയുന്നു. ലീന ടീച്ചർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഷാജിൽ സാർ ഷഹലയെ ആശുപത്രിയിൽ കൊണ്ടു പോകാൻ അനുവദിച്ചില്ലെന്നും നിത ഫാത്തിമ ട്വന്റി ഫോറിനോട് പറഞ്ഞു.
Read also: പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; നാട്ടുകാർ സ്റ്റാഫ് റൂം അടിച്ചു തകർത്തു
അതേസമയം, സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഷാജിലിനെ സസ്പെൻഡ് ചെയ്തു. മറ്റ് അധ്യാപകർക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മെമ്മോ നൽകി. വിദ്യാഭ്യാസ മന്ത്രി ഡിപിഐയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് സംഘം ഡിഎംഒയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിനിയ്ക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്.
പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.
wayanad, snake bite
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here