ഷഹ്‌ല ഷെറിന്റേതെന്ന പേരിൽ പ്രചരിക്കുന്ന പാട്ട് വീഡിയോ മറ്റൊരു പെൺകുട്ടിയുടേതെന്ന് വെളിപ്പെടുത്തലുമായി അധ്യാപകൻ

ബത്തേരി സർവജന സ്‌കൂളിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റേതെന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ മറ്റൊരു വിദ്യാർത്ഥിനിയുടേതെന്ന് അധ്യാപകൻ. ഒരു പെൺകുട്ടി സ്‌കൂൾ വരാന്തയിൽ പാട്ട് പാടുന്ന വീഡിയോയാണ് ഷഹ്‌ലയുടേത് എന്ന തരത്തിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് ശരിക്കും വയനാട് ചുണ്ടേൽ സ്വദേശി ഷഹ്ന ഷാജഹാൻ എന്ന കുട്ടിയുടേതാണ്.
നാല് വർഷം മുമ്പ് ഷഹ്ന സ്‌കൂൾ അസംബ്ലിക്കിടയിൽ പാട്ട് പാടിയപ്പോൾ ക്ലാസ് അധ്യാപകനായ മനോജ് എംസി അത് വീഡിയോ എടുത്ത് ഫേസ്ബുക്കിലിടുകയായിരുന്നു. ഏറെ വൈറലായ വീഡിയോ കണ്ട് മേജർ രവിയും എം ജയചന്ദ്രനും ഉൾപ്പെടെയുള്ള പ്രമുഖർ ഷഹ്നയെ തിരക്കിയെത്തിയിരുന്നു.
ഇപ്പോൾ ഇതേ വീഡിയോ ഷഹ്‌ലയുടെ പേരിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മനോജ് തന്നെയാണ് തെറ്റ് തിരുത്താൻ രംഗത്തെത്തിയത്. വ്യാജപ്രചരണങ്ങൾ കുട്ടിയെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചെന്നും അധ്യാപകൻ ഫേസ്ബുക്കിൽ.
കുറിപ്പ് ഇങ്ങനെ,
ദയവായി എല്ലാവരും ശ്രദ്ധിക്കുക!
ഇന്നലെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയാണന്ന് പറഞ്ഞ് ചിലയാളുകൾ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിപ്പിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ മറ്റൊരാളുടേതാണ്. വയനാട്ടിൽ ചുണ്ടേൽ എന്ന സ്ഥലത്തുള്ള ആർ.സി. ഹൈസ്‌കൂളിൽ പഠിക്കുന്ന ഷഹ്ന ഷാജഹാൻ എന്ന കുട്ടി 2015 ൽ അസംബ്ലിയിൽ പാടുകയും അവളുടെ ക്ലാസ്സധ്യാപകനായിരുന്ന ഞാൻ ഫേസ്ബുക്കിൽ അത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. അത് വൈറലാവുകയും മേജർ രവിയും എം.ജയചന്ദ്രനു മുൾപ്പെടെയുള്ള സിനിമാരംഗത്തെ പ്രഗൽഭരുടെ ശ്രദ്ധയിൽ പെടുകയും ചെയ്തതാണ്. ഇപ്പോൾ ആ വീഡിയോ ഇപ്പോൾ മരിച്ച ഷഹലയുടെ പേരിൽ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ഇത് ആ കുട്ടിയെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചു. ദയവായി ഈ വീഡിയോ ഷെയർ ചെയ്യുന്നവർ ശ്രദ്ധിക്കുക.
അന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ ലിങ്കുകളും മനോജിന്റെ പോസ്റ്റിലുണ്ട്.
shahla sherin, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here