ബൊളീവിയയിൽ പുതിയ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് അനുമതി

ബൊളീവിയയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതിവരുത്തി പുതിയ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് അനുമതി. ബൊളീവിയൻ കോൺഗ്രസിന്റെ ഇരു ചേംബറുകളും ഐകകണ്ഠേന ഒക്ടോബർ 20ന് നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കാനും പുതിയ തെരഞ്ഞെടുപ്പ് നടത്താനുമുള്ള ബില്ലിന് അനുമതി നൽകി.
മെക്സിക്കോയിൽ രാഷ്ട്രീയ അഭയം തേടിയ മുൻ പ്രസിഡന്റ് ഇവോ മൊറാലിസ് ഇല്ലാതെയായിരിക്കും ബൊളീവിയയിൽ പുതിയ തെരഞ്ഞെടുപ്പ് നടക്കുക. രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റായവർക്ക് മത്സരിക്കാനാകില്ലെന്ന ബില്ലിലെ വ്യവസ്ഥയാണ് മൊറാലിസിന് തിരിച്ചടിയായത്.
Read Also: മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബൊളീവിയയിലെ ഇടക്കാല സർക്കാർ
തെരഞ്ഞെടുപ്പിൽ പുതിയൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയെ കണ്ടെത്തുമെന്ന് മൊറാലിസിന്റെ മൂവ്മെന്റ് ടു സോഷ്യലിസം പാർട്ടി നേതാക്കൾ അറിയിച്ചു. നിലവിൽ കോൺഗ്രസിൽ മൂവ്മെന്റ് ടു സോഷ്യലിസം പാർട്ടിക്കാണ് ഭൂരിപക്ഷമുള്ളത്.
തെരഞ്ഞെടുപ്പ് നടത്താനായി പുതിയ ഇലക്ടറൽ ബോർഡിനെ നിയമിക്കും. തെരഞ്ഞെടുപ്പിനുള്ള തീയതി ഈ ബോർഡ് തീരുമാനിക്കുമെന്നും ബില്ലിൽ.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളായ വലതുപക്ഷ പാർട്ടികൾ പ്രക്ഷോഭം ആരംഭിച്ചതോടെയാണ്, പതിനാല് വർഷം പ്രസിഡന്റായി അധികാരത്തിലിരുന്ന ഇവോ മൊറാലിസിന് അധികാരമൊഴിഞ്ഞ് മെക്സിക്കോയിൽ രാഷ്ട്രീയ അഭയം തേടേണ്ടിവന്നത്. തുടർന്ന് ഇടക്കാല പ്രസിഡന്റായി സ്ഥാനമേൽക്കുന്നുവെന്ന പ്രഖ്യാപനവുമായി സെനറ്റർ ജിയനിൻ അനെസ് രംഗത്തെത്തി.
ഇതിനെതിരെ ഇവോ മൊറാലിസിന്റെ അനുയായികൾ രംഗത്തെത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. ഇവോ മൊറാലിസ് രാജ്യം വിട്ടതിന് ശേഷമുണ്ടായ സംഘർഷത്തിൽ 29 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
അതേസമയം കഴിഞ്ഞ ദിവസം ഇടക്കാല സർക്കാർ ഇവോ മൊറാലിസിനെതിരെ ഭീകരപ്രവർത്തനവും രാജ്യദ്രോഹക്കുറ്റവും ചുമത്തി കേസെടുത്തിരുന്നു. തെരുവിൽ പ്രതിഷേധവും ഉപരോധവും നടത്താൻ ആഹ്വാനം ചെയ്യുന്നത് ഭീകരപ്രവർത്തനമാണെന്നായിരുന്നു ആരോപണം. മൊറാലിസ് ആഹ്വാനം ചെയ്ത റോഡ് ഉപരോധം നഗരങ്ങളിലേയ്ക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കുന്നതിന് തടസമായെന്നും ആഭ്യന്തര മന്ത്രി അർതുറോ മുറില്ലോ ആരോപിച്ചിരുന്നു.
bolivia, bolivian congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here