തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കർമ പദ്ധതികളുമായി കേരള പൊലീസ്

തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കർമ പദ്ധതികളുമായി കേരള പൊലീസ്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊതുജന പങ്കാളിത്തത്തോടെ ട്രാഫിക് മൊബൈൽ ആപ് സൗകര്യമൊരുക്കും. നിയമ ലംഘനങ്ങൾ പിടികൂടാൻ ചീറ്റാ സ്‌ക്വാഡും, ട്രാഫിക്ക് ബ്ലോക്ക് നിയന്ത്രിക്കാൻ ടോൾ ഫ്രീ നമ്പറും കൊണ്ടുവരും. റോഡ് അപകട മരണങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും ഡിജിപി വിളിച്ചു ചേർത്ത യോഗത്തിൽ വിമർശനങ്ങളുമുയർന്നു.
അടിസ്ഥാന സൗകര്യങ്ങളിലെ അപാകത, അനുദിനം വർധിക്കുന്ന വാഹനങ്ങളുടെ എണ്ണം, പാർക്കിംഗ് സ്ഥലക്കുറവ് തുടങ്ങി തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് നിരവധി കാരണങ്ങളാണ് ഡിജിപി വിളിച്ചു ചേർത്ത യോഗത്തിൽ ഉയർന്നത്. പ്രശ്‌ന പരിഹാരത്തിന് ക്രിയാത്മകമായി ഇടപെടാൻ പ്രത്യേക കർമ പദ്ധതികളൊരുക്കുകയാണ് പൊലീസ്. ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ പ്രത്യേക ചീറ്റാ സ്‌ക്വാഡ് രൂപീകരിക്കും. വിദേശ രാജ്യങ്ങളിൽ ഉള്ളത് പോലെ ഗതാഗതക്കുരുക്കും, അനധികൃത പാർക്കിംഗും തടയാൻ ട്രാഫിക് ആപ്പ് കൊണ്ടുവരാനും തീരുമാനമായി. നിയമലംഘനങ്ങളും, ഗതാഗതക്കുരുക്കും പൊതുജനങ്ങൾക്കും ആപ്പിൽ അപ് ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകും.
ട്രാഫിക് സേവനങ്ങൾക്കായി ടോൾഫ്രീ നമ്പർ കൊണ്ടുവരും. 10 മിനുട്ട് നേരം പൊലീസ് ഉദ്യോഗസ്ഥർ ഫോൺ എടുത്തില്ലെങ്കിൽ കോൾ നേരിട്ട് കമ്മീഷണർക്ക് എത്തുന്ന തരത്തിലായിരിക്കും ടോൾ ഫ്രീ സൗകര്യമുണ്ടാവുക. സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരങ്ങൾ ശംഖുമുഖത്തേക്ക് മാറ്റണമെന്ന് റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. അപകട മരണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഡിജിപി യോഗം വിളിച്ചത്. ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപ്പെട്ടതും വലിയ വിവാദമായിരുന്നു.
Story highlights: Kerala Police, traffic congestion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here