കൂടത്തായി അന്നമ്മ വധക്കേസ്; ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൂടത്തായി അന്നമ്മ വധകേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിൽ കേസിലെ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജോളിയുടെ അടുത്ത സുഹൃത്ത് ജോൺസന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും.
11 മണിയോടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ജോളിയെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. അന്നമ്മ കേസിൽ വിശദമായി ചോദ്യം ചെയ്യാൻ ജോളിയെ മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. അന്നമ്മ വധക്കേസിലെ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. കൂടാതെ റിമാൻഡിൽ കഴിയുന്ന മനോജിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം അപേക്ഷ നൽകും.
അതിനിടെ മനോജിന്റെ ജാമ്യാപേക്ഷയും താമരശ്ശേരി കോടതി ഇന്ന് പരിഗണിക്കും.
ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസന്റെ രഹസ്യമൊഴി ബുധനാഴ്ചയാണ് രേഖപ്പെടുത്തുക. ജോളിയുടെ അടുത്ത സുഹൃത്തുകൂടിയായ ജോൺസണും ഒന്നിച്ച് നിരവധി ഇടങ്ങളിൽ സഞ്ചരിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകങ്ങളെക്കുറിച്ച് ജോൺസണ് അറിവുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കേസിൽ നിർണായക അറസ്റ്റിലേക്ക് കൂടിയാണ് അന്വേഷണസംഘം ഇനി നീങ്ങുന്നത്.
Story highlights- koodathayi murder, jolly joseph, manoj, johnson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here