മുളകുപൊടി പ്രയോഗം; ബിന്ദു അമ്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കുനേരെ കൊച്ചിയില്‍ പ്രതിഷേധം. ഒരുവിഭാഗം കൈയേറ്റം ചെയ്തു. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി ജി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരു സംഘവും കമ്മീഷണര്‍ ഓഫീസിലേക്ക് എത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തന്നെ തടഞ്ഞ പ്രതിഷേധക്കാര്‍ മുഖത്ത് മുളകുപൊടിയെറിഞ്ഞതായി ബിന്ദു അമ്മിണി പറഞ്ഞു. തുടര്‍ന്ന് ബിന്ദു അമ്മിണിയെ കൊച്ചി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. 4.30 ഓടെയാണ് എത്തിയത്. ശബരിമലയിലേക്ക് പോകുന്നതിനു മുന്നോടിയായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയിട്ടുണ്ട്.
ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. അതേസമയം യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് പൊലീസിന് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. തൃപ്തി ദേശായി നിലവില്‍ കമ്മീഷണര്‍ ഓഫീസിലുണ്ടെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here