കേൾവിശേഷിയില്ലാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച റോമൻ കത്തോലിക്കാ പുരോഹിതർക്ക് ശിക്ഷ വിധിച്ച് അർജന്റീനിയൻ കോടതി

കേൾവിശേഷിയില്ലാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത റോമൻ കത്തോലിക്കാ പുരോഹിതർക്ക് തടവുശിക്ഷ വിധിച്ച് അർജന്റീനിയൻ കോടതി. രണ്ട് പുരോഹിതർക്കാണ് നാൽപ്പത് വർഷത്തിലധികം നീളുന്ന തടവുശിക്ഷ വിധിച്ചത്.
കേൾവിശേഷിയില്ലാത്ത കുട്ടികൾക്ക് വേണ്ടി കത്തോലിക്കാ സഭ നടത്തുന്ന പ്രൊവോലോ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളെയാണ് നിക്കോളാ കൊരാഡി, ഹൊരൈകോ കോർബച്ചോ എന്നീ പുരോഹിതർ ലൈംഗികമായി ദുരുപയോഗം ചെയ്തത്. 2004നും 2016നും ഇടയിലാണ് വിദ്യാർത്ഥികൾ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത്.
പ്രവിശ്യാ തലസ്ഥാനമായ മെൻഡോസയിലെ കോടതിയാണ് കേസിൽ വാദം കേട്ട് വിധി പറഞ്ഞത്. 83-കാരനായ നിക്കോളാ കൊരാഡിക്ക് 42 വർഷത്തെ തടവും 59-കാരനായ ഹൊരൈകോ കോർബച്ചോയ്ക്ക് 45 വർഷത്തെ തടവുശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. വൈദികർക്കൊപ്പം ചേർന്ന് കുട്ടികളെ പീഡിപ്പിച്ച സ്‌കൂളിലെ തോട്ടക്കാരൻ അമാൻഡോ ഗോമസിന് 18 വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് വിചാരണ ആരംഭിച്ച കേസിൽ പീഡനത്തിന് ഇരയായ പതിമൂന്ന് വിദ്യാർത്ഥികളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.
കോടതി, വിധി പ്രസ്താവിക്കുമ്പോൾ ലൈംഗികാക്രമണത്തിന് ഇരയായിരുന്നവരും എത്തിച്ചേർന്നിരുന്നു. ആഹ്ലാദാരവം മുഴക്കിയാണ് ഇവർ കോടതി വിധിയെ എതിരേറ്റതെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. പോപ്പ് ഫ്രാൻസിസിന്റെ ജന്മദേശമായ അർജന്റീനയിൽ നടന്ന സംഭവം വൻവിവാദമായിരുന്നു. കത്തോലിക്കാ സഭ വൈദികരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് വ്യാപകമായ ആരോപണമുയരുകയും ചെയ്തു. 2016ൽ ആരോപണം ഉയർന്നതിനെത്തുടർന്ന് സ്‌കൂൾ അടച്ചുപൂട്ടിയിരുന്നു.
deaf children, sexual abuse, argentina, roman catholic priests jailed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here