ഫാസ്ടാഗ്; അറിയേണ്ട കാര്യങ്ങൾ ഇതൊക്കെ

ഡിസംബർ ഒന്നാം തീയ്യതി മുതൽ ഇന്ത്യയിൽ ഫാസ്ടാഗ് എന്ന ഇലക്ട്രോണിക് ടോൾ പിരിവ് നിർബന്ധമാക്കുകയാണ്. ഈ സാഹചര്യത്തിൽ ഫാസ്ടാഗിനെ പറ്റി ചില കാര്യങ്ങൾ.
ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎൽ) നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ പദ്ധതിയുടെ ഭാഗമായി നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ ടോൾ പിരിവ് സംവിധാനം ആണ് ഫാസ്ടാഗ്.
‘ഫാസ്ടാഗ്’ എന്നത് കോൾഗേറ്റും ക്ലോസപ്പും ഉജാലയും പോലെത്തന്നെ ഒരു ബ്രാൻഡ് നെയിം മാത്രമാണ്. 2014 മുതൽ ഇന്ത്യയിൽ ഇലക്ട്രാണിക് ടോൾ ടാക്‌സ് പിരിവ് പദ്ധതി വന്നത് പരീക്ഷണമായിട്ടാണെങ്കില്‍ വർഷങ്ങൾക്ക് മുമ്പേ തന്നെ പല വിദേശ രാജ്യങ്ങളും ഈ സംവിധാനം നിലവിലുണ്ട്.
ഫാസ്ടാഗ് എങ്ങനെയെടുക്കാം
ഫാസ്ടാഗ് ഒരു പാസീവ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി)യാണ്. ഇതിൽ മുൻ നിശ്ചയിക്കപ്പെട്ട ഒരു വൺ ടൈം പ്രോഗ്രാമബിൾ കോഡ് പ്രോഗ്രാം ചെയ്ത് കയറ്റിയിട്ടുണ്ടായിരിക്കും.
എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, പിഎൻബി, എസ്ബിഐ, കൊട്ടക് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകൾ വഴിയും നിങ്ങളുടെ വ്യക്തിവിവരങ്ങൾ നൽക് ഫാസ്റ്റാഗ് വാങ്ങാൻ കഴിയുന്നതാണ്( ഓൺലൈൻ അപ്ലിക്കേഷനായി ബാങ്കുകളുടെ വെബ്‌സെറ്റ് സന്ദർശിക്കുക).
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഫാസ്ടാഗിൽ വ്യക്തി വിവരങ്ങൾ ഒന്നും തന്നെ പ്രോഗ്രാം ചെയ്യപ്പെടുന്നില്ല മറിച്ച് ഒരു യുണീക് കോഡ് മാത്രമാണ് ഇതിൽ ഉണ്ടാവുക
2. 200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി കാർഡ് ബാലൻസിൽ ബ്ലോക്ക് ആയി കിടക്കും. തുടർന്ന് പ്രത്യേകമായി റീചാർജ് ചെയ്യാനോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ബാലൻസ് തുക നിശ്ചിത പരിധിയിൽ കുറയുമ്പോൾ ഓട്ടോമാറ്റിക് ആയി റീചാർജ് ചെയ്യാനോ ഒക്കെയുള്ള സൗകര്യങ്ങൾ ഉണ്ട്.
3. ഒരു വാഹനത്തിന് ഒരു ടാഗ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അതുപോലെ ഒരു ടാഗ് ഒന്നിലധികം വാഹനങ്ങളിൽ ഉപയോഗിക്കുവാനും അനുവാദമില്ല.
ഫാസ്ടാഗ് സിസ്റ്റത്തിലെ പ്രധാന ഭാഗങ്ങൾ
1. ഫാസ്ടാഗ് എന്നറിയപ്പെടുന്ന വാഹനങ്ങളിലെ ആർഎഫ്‌ഐഡി സ്റ്റിക്കർ ടാഗ്
2. ടോൾ പ്ലാസകളിലെ റീഡറുകളും മറ്റ് സെൻസറുകളും കാമറകളും അവയുമായി ബന്ധപ്പെടുത്തിയ സർവറുകളും അടങ്ങിയ സംവിധാനം
3. നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ സെർവ്വറുകളും പെയ്‌മെന്റ് ഗേറ്റ് വേകളും
ഓരോ വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ടോൾ വ്യത്യസ്തമാണ്. കാറിന്റെ പേരിൽ വാങ്ങിയ ടാഗ് ലോറിയിൽ ഒട്ടിച്ച് വെട്ടിപ്പ് നടത്താതിരിക്കാൻ ടോൾ പ്ലാസകളിൽ ടാഗ് റീഡറുകൾക്ക് പുറമേ വാഹനങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് സ്വയം തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് വെഹ്കിൾ ക്ലാസിഫിക്കേഷൻ (എവിസി) എന്ന സംവിധാനവും ഉണ്ടായിരിക്കും.
ഇൻഫ്രാ റെഡ് സെൻസറുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ സംവിധാനത്തിൽ വാഹനങ്ങൾ ഏത് വിഭാഗത്തിൽെപ്പടുന്നുവെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നു. ഭാരമുള്ള വാഹനങ്ങളുടെ ടോൾ ടാക്‌സിൽ വ്യത്യാസമുള്ളതിനാൽ വണ്ടികളുടെ ഭാരം അവ ചലിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മനസിലാക്കാൻ കഴിയുന്ന വെയ്റ്റ് ഇൻ മോഷൻ(ഡബ്ല്യുഐഎം) സെൻസർ സംവിധാനങ്ങളും ഇതോടൊപ്പം ഉണ്ട്. പിന്നെ സിസിടിവി കാമറകളും.
അതായത് നിങ്ങളുടെ വാഹനം ടോൾ ലൈനിൽ കയറുമ്പോൾ തന്നെ ടാഗിലെ യുണീക് കോഡ് വായിക്കപ്പെടുന്നു. അതോടൊപ്പം എവിസിയും ഡബ്ല്യുഐഎമ്മും ഉപയോഗപ്പെടുത്തി ഇത് മൂന്നും താരതമ്യം ചെയ്ത് ഡേറ്റാ ബേസുമായി ചേർത്ത് വച്ച് ടോൾ ടാക്‌സ് ബാലൻസിൽ നിന്ന് ഈടാക്കും.
ഇതേ സമയം കാമറ വാഹനത്തിന്റെ ഫോട്ടോകൾ എടുത്ത് സമയം രേഖപ്പെടുത്തി കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കുന്നു. പിന്നീട് എന്തെങ്കിലും പരാതികളോ തട്ടിപ്പുകളോ മറ്റോ ഉണ്ടാകുമ്പോൾ അവ പരിശോധിക്കാൻ ഇത് സഹായകമാകുന്നു.
‘ഫാസ്ടാഗ്’:പിന്നിലെ സാങ്കേതിക വിദ്യ
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി)സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത് ഓഫീസുകളിൽ അറ്റൻഡൻസിനും മെട്രോ ട്രെയിൻ യാത്രക്കുമൊക്കെ ഉപയോഗിക്കുന്ന (ആർഎഫ്‌ഐഡി) കാർഡുകളെ ഇവിടെ ഫാസ്ടാഗ് എന്ന പേരിട്ട് വിളിക്കുന്നു.
വാഹനങ്ങൾ ടോൾ ബൂത്തിലൂടെ കടന്ന് പോകുമ്പോൾ മുൻവശത്ത് ഒട്ടിച്ചിരിക്കുന്ന ഫാസ്ടാഗ് കാർഡുകൾ ബൂത്തുകളിലെ റീഡറുകൾ സെൻസ് ചെയ്യും. നിമിഷങ്ങൾ കൊണ്ട് കാർഡിലെ ബാലൻസും ആധികാരികതയും ഒക്കെ വിലയിരുത്തി ടോൾ ടാക്‌സ് ഓട്ടോമാറ്റിക്കായി ബാലൻസിൽ നിന്നും കുറയ്ക്കും. ഫാസ്ടാഗിനെ പറ്റി പറയുമ്പോൾ അതിലെ അടിസ്ഥാന സാങ്കേതിക വിദ്യ ആർ എഫ്‌ഐഡിയെക്കുറിച്ച് ചില വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
‘സാധനം കയ്യിലുണ്ടോ ..’ എന്ന് ചോദിക്കുമ്പോൾ മറു കോഡ് ആയി ‘സാധനം കയ്യിലുണ്ട്..’ എന്ന് പറയുന്ന പോലെ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കോഡുകളും മറു കോഡുകളും ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുന്ന സാങ്കേതിക വിദ്യയ്ക്ക് പറയുന്ന പേരാണ് ആർഎഫ്‌ഐഡി.
രണ്ടാംലോക മഹായുദ്ധകാലത്ത് ശത്രുവിമാനങ്ങൾക്കിടയിൽ നിന്നും സ്വന്തം വിമാനങ്ങളെ വേർതിരിച്ചറിയാൻ ‘ഐഡന്റിഫിക്കേഷൻ ഓഫ് ഫ്രണ്ട് ഓർ ഫോയ്’ എന്ന സാങ്കേതിക വിദ്യ ബ്രിട്ടീഷ് എയർഫോഴ്‌സ് ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെയൊക്കെ ഒരു ആധുനിക രൂപമാണ് ആർഎഫ്‌ഐഡി.
ആർഎഫ്‌ഐഡി സിസ്റ്റത്തിൽ ഉള്ളത് തിരിച്ചറിയപ്പെടേണ്ട വസ്തുക്കളിൽ ഘടിപ്പിക്കാവുന്നതോ വ്യക്തികൾക്ക് കൊണ്ടു നടക്കാവുന്നതോ ആയ ടോക്കണുകളുടെയും സ്റ്റിക്കറുകളുടെയും കാർഡുകളുടെയുമൊക്കെ രൂപത്തിലുള്ള ആർഎഫ്‌ഐഡി ടാഗുകളും ഇവയെ തിരിച്ചറിയാനായി ഉപയോഗിക്കുന്ന ആർഎഫ്‌ഐഡി റീഡറുകളുമാണ്.
ആക്റ്റീവ് ആർഎഫ്‌ഐഡി , പാസ്സിവ് ആർഎഫ്‌ഐഡി എന്നിങ്ങനെ രണ്ട് തരത്തിലുള്ള ടാഗുകൾ ആണ് പൊതുവേ നിലവിലുള്ളത്.
ഇതുകൊണ്ട് ചില പ്രശ്‌നങ്ങളുണ്ട് കെട്ടോ, റീഡർക്കും ടാഗിനും ഇടയിലുള്ള ദൂരം ഒരു വിഷയമാണ്. എത്രത്തോളം ദൂരം കുറഞ്ഞിരിക്കുന്നുവോ അത്രത്തോളം കൃത്യമായും വേഗത്തിലും ഫലപ്രദമായും ടാഗുകൾ റീഡ് ചെയ്യാൻ കഴിയും. അതുകൊണ്ടാണ് മെട്രോ കാർഡുകളും ടോക്കണുകളുമൊക്കെ റീഡറുകളിൽ തൊടേണ്ടി വരുന്നത്.
സുരക്ഷിതമാണോ ഇത്?
വർഷങ്ങളായി വിദേശ രാജ്യങ്ങളിലൊക്കെ നിലനിന്നിരുന്ന അത്യാവശ്യം തഴക്കവും പഴക്കവുമൊക്കെയുള്ള ഒരു സാങ്കേതിക വിദ്യയാണിത്. അത് കൊണ്ട് തന്നെ തട്ടിപ്പുകളും വെട്ടിപ്പുകളുമൊക്കെ മനസ്സിലാക്കി അവ ഒഴിവാക്കാനുള്ള അടിസ്ഥാന മുൻകരുതലുകൾ ഫാസ്ടാാഗിന്റെ കാര്യത്തിലും എടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്.
ടാഗ് ക്ലോണിംഗ്
പറ്റിക്കലിൽ ഏറ്റവും പ്രധാനപ്പെട്ടത് ടാഗ് ക്ലോണിംഗ് ആണ്. അതായത് നിങ്ങളുടെ ഫാസ്ടാഗ് വണ്ടിയുടെ ഗ്ലാസിൽ ഒട്ടിച്ചുവച്ചതായതിനാൽ റീഡർ ഉപയോഗിച്ച് പകർത്തി ഡൂപ്ലിക്കേറ്റ് കാർഡ് ഉണ്ടാക്കി മറ്റൊരു വണ്ടിയിൽ ഉപയോഗിക്കാം. പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള തട്ടിപ്പ് വിദേശ രാജ്യങ്ങളിൽ പരക്കെ ഉണ്ടായിരുന്നു.
അത് ഒഴിവാക്കാനായി വാഹന ഉടമയുടെയും വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെയുമൊക്കെ രേഖകൾ ഉറപ്പാക്കി കെവൈസിയിലൂടെയാണ് ഫാസ്ടാഗുകൾ വിതരണം ചെയ്യുന്നത്. ഇത്തരം ഫാസ് ടാഗുകളുടെ ഉപയോഗം തടയാൻ ഒരേ കാർഡ് നിശ്ചിത ദൂരപരിധിക്ക് പുറത്തുള്ള ടോൾ ബൂത്തുകളിൽ ഒരേ സമയം ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നു കൂടി പരിശോധിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ടാഗ് ബ്ലോക്ക് ചെയ്യപ്പെടും. തുടർന്ന് പരാതികൾ ഉണ്ടാകുമ്പോൾ കാമറ ദൃശ്യങ്ങൾ പ്രശ്‌നപരിഹാരത്തിനായി ഉപയോഗപ്പെടുത്തുന്നു.
ഫാസ്ടാഗുകൾ നിർബന്ധമാകുന്നതോടെ അതിനോടനുബന്ധിച്ച് വലിയ തോതിലുള്ള പരാതികളും പ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തീർച്ച. കാരണം നിലവിൽ വളരെ ചെറിയൊരു ശതമാനം വാഹനങ്ങൾ മാത്രമേ ഇത് ഉപയോഗപ്പെടുത്തുന്നുള്ളൂ.
തുടക്കത്തിൽ പ്രതീക്ഷിക്കാം കുഞ്ഞ് ബുദ്ധിമുട്ടുകൾ
ഡിസംബർ ഒന്നാം തീയ്യതി മുതൽ നിർബന്ധമാകുന്നതോടെ ഇന്ത്യ മൊത്തം എല്ലാ ബൂത്തുകളിലും നിന്നുമുള്ള പ്രോസസ്സ് റിക്വസ്റ്റുകൾ വരും. ഇതിനാൽ പലയിടത്തും സർവർ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പൊതുവേ സർക്കാർ സംവിധാനങ്ങളിൽ നെറ്റ്‌വർക്ക് ട്രാഫിക്കിനെക്കുറിച്ചും കമ്പ്യൂട്ടർ ശേഷിയെക്കുറിച്ചുമൊക്കെ വേണ്ട രീതിയിൽ വിലയിരുത്തലുകൾ നടത്താതെ പ്രയോഗത്തിൽ കൊണ്ട് വരാറാണ് പതിവ്. അതിനാൽ തുടക്കത്തിൽ കുറച്ച് നാളുകൾ എങ്കിലും ഫാസ്ടാഗ് വഴി ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ ടോൾ ബൂത്തുകളിൽ പ്രതീക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് സുജിത് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം,
fastag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here