കലോത്സവ ഓർമകൾ പങ്കുവച്ച് സുരഭി ലക്ഷ്മി: ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കഥ പറഞ്ഞ് അഭിനേത്രി

കഷ്ടപ്പാടിൽ നിന്ന് നേട്ടങ്ങളുടെ പടവുകൾ ചവിട്ടിക്കയറിയ ഒരുപാട് കഥകൾ പറയാനുണ്ട് സുരഭി ലക്ഷ്മിക്ക്. കലോത്സവ ഓർമകൾ സിനിമ- സീരിയൽ അഭിനേത്രി സുരഭി ലക്ഷ്മി ട്വന്റിഫോറിനോട് പങ്കുവച്ചു. നരിക്കുനി എയുപി സ്‌കൂളിലെ കലോത്സവത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് മത്സരത്തിനിറങ്ങിയത് മുതൽ ഒരുപാട് കലാമാമാങ്ക കഥകൾ പറയാനുണ്ട് സുരഭിക്ക്.
അച്ഛൻ മരിച്ച രണ്ട് മാസത്തിന് ശേഷമാണ് വൊക്കേഷണൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. സഹോദരി സുമിത മുൻകൈ എടുത്താണ് തന്നെ കലോത്സവത്തിന് കൊണ്ടുപോയതെന്ന് സുരഭി ഓർമിച്ചു.
അന്ന് ഓട്ടൻതുള്ളലിൽ പങ്കെടുക്കാൻ പോയപ്പോൾ പക്കമേളക്കാരെ കിട്ടിയില്ല. ഗുരു രാമൻകുട്ടി ആശാനാണ് പാട്ടുപാടാനെത്തി. സുരഭിയിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞാണ് ആശാൻ പാടാനെത്തിയത്. പക്കമേളം ഉപയോഗിക്കാത്തതിനാൽ അന്ന് ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടു. അന്ന് ഇത്തിരി സങ്കടം തോന്നിയെങ്കിലും ഇപ്പോൾ അതും സുരഭിക്ക് പുഞ്ചിരി വിടർത്തുന്ന ഓർമയാണ്.
ഇത് ഉത്സവകാലമാണ്. കലോത്സവ വേദികളിൽ നിന്നാണ് ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം ലഭിക്കുക. സ്‌കൂൾ പഠനകാലം പരമാവധി ആസ്വദിക്കാൻ ശ്രമിക്കുക. സമ്മാനത്തെ പറ്റി വിട്ടേക്കൂ… അത് വരും പോകും, സ്‌കൂൾ കാലം ഉത്സാഹത്തോടെ ആഘോഷിക്കൂ… എന്നാണ് സുരഭിക്ക് കുട്ടികളോട് പറയാനുള്ളത്.
കലോത്സവത്തിന് ലഭിക്കുന്ന സമ്മാനങ്ങളുടെ എണ്ണത്തിലല്ല കാര്യമെന്നും ദേശീയ അവാർഡ് ജേതാവ് പറഞ്ഞു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം താനാണെന്ന് സുരഭി കൂട്ടിച്ചേർത്തു.
surabhi lakshmi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here