മരടിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്‌ളാറ്റിന് സമീപം പ്രദേശവാസികളുടെ പ്രതിഷേധം

മരടിൽ സുപ്രീംകോടതി പൊളിക്കാനുത്തരവിട്ട ആൽഫാ സെറീൻ ഫ്‌ളാറ്റിനു സമീപം പ്രദേശവാസികളുടെ പ്രതിഷേധം. ഫ്‌ളാറ്റ് പൊളിക്കുന്നത് അശാസ്ത്രീയം എന്നാരോപിച്ചാണ് പ്രതിഷേധം. സമീപത്തെ വീടുകൾക്ക് വിള്ളൽ വീണതിനെ തുടർന്ന് സിമ്മിംഗ് പൂൾ പൊളിക്കുന്നത് നിർത്തിവെക്കാൻ സബ് കളക്ടർ നിർദേശിച്ചിരുന്നു. പണി വീണ്ടും തുടങ്ങിയ സാഹചര്യത്തിലാണ് പ്രതിഷേധം.
മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ സമീപവാസികളുടെ ആശങ്ക ഓരോ ദിവസം കഴിയും തോറും വർധിക്കുകയാണ്. സിമ്മിംഗ് പൂളും അതിനോടു ചേർന്നുള്ള ഇരുനില കെട്ടിടവും പൊളിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം സമീപത്തെ വീടുകൾക്ക് വിള്ളൽ സംഭവിച്ചത്.
തുടർന്ന് സബ് കളക്ടർ സിമ്മിംഗ് പൂൾ പൊളിക്കുന്നത് താത്ക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഒരു നിർദേശവും ലഭിക്കാതെ തൊഴിലാളികൾ പണി വീണ്ടും തുടങ്ങിയ സാഹചര്യത്തിലാണ് സമീപവാസികൾ പ്രതിഷേധവുമായെത്തിയത്.
യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് ആൽഫാ സെറീൻ ഫ്‌ളാറ്റ് പൊളിക്കുന്നതെന്ന് മരട് നഗരസഭാ ചെയർപേഴ്‌സൺ പറഞ്ഞു. നഗരസഭാ ചെയർപേഴ്‌സണും ജനപ്രതിനിധികളും പ്രദേശവാസികളും സബ്കളക്ടറെ നേരിൽ കണ്ട് വിവരം ധരിപ്പിച്ചിട്ടുണ്ട്. വിജയ സ്റ്റീൽസ് കമ്പനിയാണ് ആൽഫാസെറീൻ ഫ്‌ളാറ്റ് പൊളിക്കുന്നത്.
story highlight: Residents,marad flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here