സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി

സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രിം കോടതിയെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി. ശബരിമലയില്‍ പോകാന്‍ പോലീസ് സംരക്ഷണം ഒരുക്കാത്തതിനാലാണ് തൃപ്തി ദേശായിയുടെ സഹായത്തോടേ സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ബിന്ദു അമ്മിണി ട്വന്റിഫോറിനോട് പറഞ്ഞു.
ശബരിമലയില്‍ പോകാന്‍ പോലീസ് സംരക്ഷണം ഒരുക്കാതിരുന്നതോടെയാണ് ബിന്ദു അമ്മിണി സംസ്ഥാന സര്‍ക്കാറിനെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കാന്‍ പോകുന്നത്. തൃപ്തി ദേശായി അടക്കമുള്ളവരുടെ സഹായവും ഇക്കാര്യത്തില്‍ താന്‍ തേടുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.
അതേസമയം തൃപ്തി ദേശായിയുടെ വരവിന് പിന്നില്‍ ഗൂഡാലോചനയുണ്ടാകാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ പ്രതിപക്ഷ ഗൂഢാലോചന നടന്നിരിക്കാം. ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടായ ആക്രമണം തെറ്റാണെന്നും ഒരു സ്ത്രീക്ക് നേരെയും ഇത്തരം ആക്രമണം പാടില്ലെന്നും കാനം പറഞ്ഞു.
ബിന്ദു അമ്മിണിക്കെതിരെയുള്ള ആക്രമണത്തില്‍ പൊലീസ് നോക്കി നിന്ന സംഭവം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഡിജിപി പറഞ്ഞു. ഇതിനിടെ 2020 ജനുവരി രണ്ടിന് വീണ്ടും ശബരിമലയില്‍ സന്ദര്‍ശനം നടത്താനാണ് ബിന്ദു അമ്മിണിയുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here