ഐ ലീഗ് പതിമൂന്നാം സീസണ്‍; ഗോകുലം എഫ്‌സി നെറോക്കയെ ഇന്ന് നേരിടും

ഐ ലീഗ് പതിമൂന്നാം സീസണിന് ഇന്ന് തുടക്കമാകുമ്പോള്‍ ഗോകുലം കേരള എഫ്‌സിക്കും ആദ്യ മത്സരം. രാത്രി ഏഴ് മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നെറോക്ക എഫ്‌സിയുമായിട്ടാണ് ഗോകുലത്തിന്റെ ആദ്യ പോരാട്ടം.
ഇന്ത്യയിലെ ഫുട്‌ബോള്‍ കുലത്തില്‍ കുഞ്ഞനെങ്കിലും രണ്ട് സീസണ്‍ കൊണ്ട് തന്നെ കരുത്തറിയിച്ചതാണ് ഗോകുലം എഫ്‌സി. കരുത്തരായ നെറോക്ക എഫ്‌സിയുമായുള്ള മത്സരത്തിനായി ഒരുക്കങ്ങള്‍ എല്ലാം പൂര്‍ണമാണ്. പുതിയ സീസണിലെ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ല.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീമെന്ന് നെറോക്ക എഫ്‌സിയുടെ കോച്ചും പറയുന്നു. ഇത്തവണത്തെ ഡ്യൂറന്‍ഡ് കപ്പ് സ്വന്തമാക്കിയ ഗോകുലം എഫ്‌സിക്ക് ഗോളടി മികവിലാണ് പ്രതീക്ഷ. മര്‍ക്കസ് ജോസഫും ഹെന്റി കിസെക്കയും മലയാളി താരം എം എസ് ജിതിനും ചേരുന്ന മുന്‍നിര ഭദ്രം. മുന്‍ വര്‍ഷങ്ങളിലെ പാളിച്ചകള്‍ മറികടക്കാന്‍ സസൂക്ഷമം ടീമിനെ ഒരുക്കിയ മാനേജ്‌മെന്റിന് മധ്യനിരയിലും പ്രതിരോധത്തിലും ഒരേ പോലെ വിശ്വാസമുണ്ട്. സ്ത്രീകള്‍ക്കുള്ള സൗജന്യ പ്രവേശനം നല്‍കി കൊണ്ടാണ് പുതിയ സീസണിനെ ഗോകുലം വരവേല്‍ക്കുന്നത്.
story highlights – Gokulam FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here