എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍; പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

കേരളത്തില്‍ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. നിര്‍ഭയ ഫണ്ടില്‍ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികള്‍ ആരംഭിക്കുക.
ആദ്യഗഡുവായി 6.3 കോടി രൂപ കേന്ദ്രം അനുവദിച്ചു. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടികളാണ് അനുവദിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും. പദ്ധതി അനുസരിച്ച് 57 പോക്സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങി നല്‍കുന്നതിനും കോടതികള്‍ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ തന്നെ 2497 കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണ ഘട്ടത്തിലുമാണ്. ഈ സാഹചര്യത്തിലാണ് പോക്സോ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഇതുകൂടാതെ കുട്ടികളെ വിചാരണ ചെയ്യുന്ന ബാല സൗഹൃദ കോടതികള്‍ എല്ലായിടത്തും ലഭ്യമാക്കാനും ബലാല്‍ത്സംഗ, പോക്സോ കേസുകളുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ തിരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
Story highlights- Pocso fast and special courts in all districts, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here