സംസ്ഥാന സ്‌കൂൾ കലോത്സവം; പാലക്കാട് മുന്നിൽ

അറുപതാമത് സംസ്ഥാന സ്‌കൂൾ കലാത്സവത്തിന് തിരശീല വീഴാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഇഞ്ചോടിച്ച് പോരാട്ടവുമായി പാലക്കാടും കോഴിക്കോടും. 931 പോയിന്റുകളുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. കോഴിക്കോടും കണ്ണൂരും 929 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. തൃശൂരാണ് മൂന്നാം സ്ഥാനത്ത് അണിനിരക്കുന്നത്.
സമാപനമായ ഇന്ന് ഞായറാഴ്ച കൂടിയായതിനാൽ നിരവധിയാളുകളാണ് കലോത്സവ വേദിയിലേക്ക് ഒഴുകിയെത്തുന്നത്. നാടോടി നൃത്തവും മാർഗംകളിയും ദേശഭക്തി ഗാനവുമുൾപ്പടെ 14 ഇനങ്ങൾ മാത്രമാണ് ഇന്ന് അരങ്ങിലെത്തുന്നത്. വൈകീട്ട് മൂന്ന് മണിക്ക് സമാപന സമ്മേളനം ആരംഭിക്കും.
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. സിനിമാ താരങ്ങളായ രമേഷ് പിഷാരടിയും വിന്ദുജാ മേനോനും മുഖ്യാതിഥികളായിരിക്കും
കഴിഞ്ഞ മൂന്ന് ദിനങ്ങളിലും കലോത്സവ നഗരിയിലെ എല്ലാ വേദികളിലും വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. മൂന്നാം ദിനത്തിൽ ഹയർസെക്കന്ററി വിഭാഗം നാടകവും ഒപ്പനയും കാണാനാണ് ഏറ്റവും അധികം ആളുകളെത്തിയത്. ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗം ഉർദു, ഗസൽ മത്സരവും ആസ്വാദക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here