തമിഴ്‌നാട്ടിൽ കനത്ത മഴയിൽ 23 മരണം; ആറിടങ്ങളിൽ റെഡ് അലേർട്ട്

തമിഴ്‌നാട്ടിൽ കനത്ത മഴയിൽ ഇരുപത്തി മൂന്ന് മരണം. മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് പതിനേഴ് പേർ മരിച്ചു. മതിലിടിഞ്ഞ് വീടുകൾക്കുമേൽ വീണ് നാല് വീടുകൾ തകർന്നാണ് ദുരന്തമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.30ഓടെയാണ് സംഭവം.
ഗുരു (45), രാമനാഥ് (20), ഓവിയമ്മാൾ (50), നാദിയ (30), അനന്ദകുമാർ (40), ഹരിസുധ (16), ശിവകാമി (45), വൈദേഗി (20), തിലഗവതി (50), ചിന്നമ്മാൾ (70), അറുകാണി (55), രുക്കുമണി (40), നിവേത (18), അക്ഷയ, (7), ലോഗുറാം (7) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ വിവരങ്ങൾ ലഭ്യമല്ല.
കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തിരച്ചിൽ തുടരുകയാണ്.
അതേസമയം, തമിഴ്‌നാട്ടിൽ ആറിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വെല്ലൂർ, തിരുവണ്ണാമലൈ, രാമനാദപുരം, തിരുനൽവേലി, തൂത്തുക്കുടി, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയും തിരുവള്ളുവർ യൂണിവേഴ്സിറ്റിയും പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here