കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനെതിരെ കിയാൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹർജിയിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്രസർക്കാരിന് നോട്ടിസ് അയച്ചു.
കണ്ണൂർ വിമാനത്താവളം സ്വകാര്യ മേഖലയിലാണെന്നും 35 ശതമാനം ഓഹരി മാത്രമേ സർക്കാരിനുള്ളുവെന്നുമാണ് കിയാലിന്റെ വാദം. ഈ സാഹചര്യത്തിൽ സിഎജി ഓഡിറ്റ് നടത്തേണ്ടതില്ലെന്നും കിയാൽ വാദിക്കുന്നു. എന്നാൽ സംസ്ഥാന സർക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം ഓഹരിയുള്ളതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സിഎജിക്കാണെന്നും കേന്ദ്രവും നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ഹർജി ഫയലിൽ സ്വീകരിച്ച കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തത്. വിഷയത്തിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു.
നേരത്തെ കണ്ണൂർ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം കേന്ദ്രസർക്കാർ തള്ളിയിരുന്നു. സ്വകാര്യ കമ്പനിയാണെന്ന വാദമുയർത്തി സിഎജി ഓഡിറ്റ് തടഞ്ഞത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കണ്ണൂർ വിമാനത്താവള കമ്പനിയെയും സർക്കാരിനെയും അറിയിക്കുകയും ചെയ്തു. സിഎജി ഓഡിറ്റ് തടസ്സപ്പെടുത്തിയതിന് കമ്പനിയെയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി ചെയർമാനായ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അഞ്ച് മന്ത്രിമാരും വൻ വ്യവസായികളും അംഗങ്ങളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here