തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ എസ്എഫ്‌ഐ മാർച്ചിൽ വധശ്രമ കേസ് പ്രതിയും

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചിൽ വധശ്രമക്കേസിലെ പ്രതിയും പങ്കെടുത്തു. യൂണിവേഴ്സ്റ്റി കോളേജ് സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി കോളജ് യൂണിയൻ ചെയർമാൻ എൻ.റിയാസാണ് മാർച്ചിൽ പങ്കെടുത്തത്. പ്രതിയെ മുന്നിൽ കണ്ടിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. അതേസമയം യൂണിവേഴ്‌സിറ്റി കോളജിൽ ഇന്നലെ നടന്ന അക്രമത്തിൽ അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
രാവിലെ 11 മണിയോടെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്‌ഐ നടത്തിയ, മാർച്ചിലാണ് ജാമ്യമില്ലാ കേസിലെ പ്രതിയും യൂണിവേഴ്‌സിറ്റി കോളജ് യൂണിയൻ ചെയർമാനുമായ റിയാസ് പങ്കെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി കോളജിൽ നടന്ന സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് റിയാസ്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കന്റോൺമെന്റ് പൊലീസ് റിയാസിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത കന്റോൺമെന്റ് സ്റ്റേഷനിലേക്ക് തന്നെയാണ് മാർച്ച് നടത്തിയത്. മാർച്ചിന് നേതൃത്വം നൽകിയവരിലൊരാൾ റിയാസായിരുന്നു. മാർച്ചിന് ശേഷം റിയാസ് അസിസ്റ്റന്റ് കമ്മീഷണർ അടക്കമുള്ള ഉന്നത പൊലീസുക ഉദ്യോഗതരുമായി ചർച്ചയും നടത്തി.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പ്രതി പൊലീസിന് മുന്നിൽ സൈ്വര്യ വിഹാരം നടത്തിയിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നു കെഎസ്‌യു നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ടു ആറു എസ്.എഫ്.ഐ പ്രവർത്തകരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം യൂണിവേഴ്‌സിറ്റി കോളേജിൽ ഇന്നലെ അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here