Advertisement

ബിലീവേഴ്സ് ചർച്ചിന്റെ മെഡിക്കൽ കോളജിനു വേണ്ടി നെൽവയൽ നികത്തിയ കേസ്; ബിഷപ്പിനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി കലക്ടർ

December 4, 2019
1 minute Read

ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജിന് വേണ്ടി തിരുവല്ല കുറ്റപ്പുഴയിലെ നെൽവയലും തോടും നികത്തിയ കേസിൽ ബിഷപ്പ് കെപി യോഹന്നാനെതിരെ പത്തനംതിട്ട ജില്ലാ കലക്ടർ കോടതിയലക്ഷ്യ നടപടിക്ക്. ഒന്നര ഹെക്ടർ സ്ഥലത്തെ നെൽവയലും തോടും നികത്തിയത് പൂർവ്വ സ്ഥിതിയിലാക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോടതി ഉത്തരവ് നടപ്പാക്കാത്തതിരെയാണ് കലക്ടർ നടപടിക്കൊരുങ്ങുന്നത്.

ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജിന് വേണ്ടി നികത്തിയ ഒന്നര ഹെക്ടർ നെൽവയലും തോടും പൂർവ സ്ഥിതിയിലാക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർ ഗിരിജാകുമാരി കഴിഞ്ഞ ഡിസംബറിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അനധികൃതമായി നിലം നികത്തിയതായും പ്രദേശത്തെ തോടിന്റെ ഗതിമാറ്റിയതായും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇതിനായി 45 ദിവസം സമയം അനുവദിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനെതിരെ കെപി യോഹന്നാൻ സമർപിച്ച ഹർജി തളളിയ ഹൈക്കോടതി, കലക്ടറുടെ ഉത്തരവ് ശരിവച്ചു. നെൽവയലും തോടും 2008 ന് ശേഷമാണ് നികത്തിയതെങ്കിൽ പൂർവ സ്ഥിതിയിലാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ വിധി നടപ്പായില്ല.

അതിനിടെ നാട്ടുകാർ ഉൾപ്പെടെ പ്രതിഷേധവുമായി എത്തുകയും ജില്ലാ കലക്ടർക്ക് വീണ്ടും പരാതി നൽകുകയും ചെയ്തു. ഇതേതുടർന്നാണ് കോടതിയലക്ഷ്യ നടപടിയുമായി നീങ്ങാൻ കലക്ടർ ആലോചിച്ചത്. ഇതുസംബന്ധിച്ച് നിയമോപദേശം തേടിയ കലക്ടർക്ക് എ.ജി അനുമതി നൽകുകയും ചെയ്തു. ഉടൻ തന്നെ കെ.പി യോഹന്നാൻ നേത്യത്വം നൽകുന്ന ഗോസ്പൽ ഓഫ് ഏഷ്യയ്ക്ക് നോട്ടീസ് അയയ്‌ക്കാനാണ് തീരുമാനം. മുൻപ് കുറ്റപ്പുഴയിലുള്ള ആശുപത്രി സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് വിശാലമായ പാടശേഖരമായിരുന്നു. ഇത് നികത്തിയായിരുന്നു ആശുപത്രി നിർമ്മാണം. അനധികൃതമായി പാടശേഖരം നികത്തി നിർമ്മിച്ച ആശുപത്രിക്കെതിരെ നാട്ടുകാർ തുടക്കം മുതൽ പ്രതിഷേധത്തിലാണ്.

Story Highlights: believers church, kp yohannan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top