ഉപയോഗിക്കുന്നത് വി ജയദേവൻ നിയമം; എന്നിട്ടും 10 വർഷമായി പ്രതിഫലം നൽകാതെ ബിസിസിഐ

ഇന്ത്യൻ ആഭ്യന്തര മത്സരങ്ങളിൽ ഉപയോഗിക്കുന്ന മഴ നിയമമാണ് വിജെഡി നിയമം അഥവാ വി ജയദേവൻ നിയമം. 12 വർഷത്തോളമായി ലിസ്റ്റ് എ, ആഭ്യന്തര ടി-20 മത്സരങ്ങളിൽ ബിസിസിഐ ഉപയോഗിക്കുന്നത് വിജെഡി നിയമമാണ്. പക്ഷേ, കഴിഞ്ഞ 10 വർഷത്തോളമായി ഈ നിയമം വികസിപ്പിച്ചെടുത്ത വി ജയദേവന് ബിസിസിഐ പണം നൽകിയിട്ടില്ല. ജയദേവൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2007 മുതലാണ് ബിസിസിഐ വിജെഡി നിയമം ആഭ്യന്തര മത്സരങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയത്. 12 വർഷം കൊണ്ട് 500 ലധികം ആഭ്യന്തരം മത്സരങ്ങളിൽ വിജെഡി നിയമം ഉപയോഗിച്ചിട്ടുണ്ട്. ആഭ്യന്തര ടി-20 ലീഗുകളായ കെപിഎല്‍, ടിഎൻപിഎൽ എന്നിവയിലും വിജെഡി നിയമമാണ് ഉപയോഗിക്കുന്നത്. എന്നാൽ 10 കൊല്ലമായി തനിക്ക് ബിസിസിഐ പ്രതിഫലം നൽകിയിട്ടില്ലെന്നാന് ജയദേവൻ പറയുന്നത്.
2009ൽ കെസിഎ സെക്രട്ടറിയായിരുന്ന ടിസി മാത്യുവിനെ കണ്ട് ഇദ്ദേഹം ഇക്കാര്യം ബോധിപ്പിച്ചിരുന്നു. മാത്യു അന്നത്തെ ബിസിസിഐ സെക്രട്ടറിയായിരുന്ന എന്‍ ശ്രീനിവാസന്റെ അടുത്ത് ജയദേവനെ കൂട്ടിക്കൊണ്ടുപോയി. അന്ന് ശ്രീനിവാസൻ 5 ലക്ഷം രൂപ നൽകി. തുടർന്ന് ഒന്നും ലഭിച്ചിട്ടില്ല.
ഐസിസി പിന്തുടരുന്ന ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തേക്കാള്‍ മികച്ചതാണ് വിജെഡി നിയമം എന്ന തരത്തിലുള്ള ചർച്ചകൾ ഏറെ നാളുകളായി ഉയരുന്നുണ്ട്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തേക്കാള്‍ കൃത്യത വിജെഡി നിയമത്തിനുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിട്ടും ബിസിസിഐ അദ്ദേഹത്തിന് ഇതുവരെ പണം നൽകിയിട്ടില്ല.
അതേസമയം, വിഷയം ബിസിസിഐയിലെ ഉന്നത വൃത്തങ്ങളെ അറിയിക്കുമെന്ന് ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍സിനെ ജനറല്‍ മാനേജര്‍ സബാ കരിം പറഞ്ഞിട്ടുണ്ട്.
മലയാളിയും തൃശൂർ എഞ്ചിനീയറിംഗ് കോളജിലെ പൂർവ വിദ്യാർത്ഥിയുമായ വി ജയദേവൻ ഒരു സിവിൽ എഞ്ചിനീയർ കൂടിയാണ്.
Story Highlights: VJD Method, BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here