ബ്ലാസ്റ്റേഴ്സ് കൊച്ചി വിടും; കേരളം വിടില്ല

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്ന വാർത്തകൾക്ക് ശക്തി പകർന്ന് ക്ലബ് സിഇഓ വിരേൻ ഡിസിൽവ. കൊച്ചി വിടുമെങ്കിലും ക്ലബ് കേരളത്തിൽ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യംഗ് ബ്ലാസ്റ്റേഴ്സ് പദ്ധതിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. ജിസിഡിഎയും കൊച്ചി കോർപ്പറേഷനുമായ തർക്കങ്ങളെത്തുടർന്ന് ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കുമെന്ന് ചില റിപ്പോർട്ടുകൾ ഉയർന്നിരുന്നു. ഈ റിപ്പോർട്ടുകളെയാണ് ഡിസിൽവ ശരിവെച്ചത്.
“കൊച്ചിയിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ കേരളം വിട്ടുപോകില്ല. ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ ക്ലബ്ബാണ്. ഇവിടെത്തന്നെ നിൽക്കാനാണ് ആഗ്രഹം.”- അദ്ദേഹം പറഞ്ഞു. ഇതോടെ കൊച്ചിയിൽ നിന്നും ക്ലബിൻ്റെ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങൾക്കും ഡിസിൽവ ശക്തി പകർന്നു.
അതേ സമയം, യൂറോപ്യൻ ക്ലബുകൾ ബ്ലാസ്റ്റേഴ്സുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡിസിൽവ കൂട്ടിച്ചേർത്തു. സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റിയിൽ നടത്തിയതുപോലെ നിക്ഷേപം നടത്താൻ ചില വമ്പൻ യൂറോപ്യൻ ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ തങ്ങളിതുവരെ ഇക്കാര്യത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദേഹം പറഞ്ഞു.
അധികൃതരുമായുള്ള തര്‍ക്കമാണ് കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നതിനേക്കുറിച്ച് ആലോചിക്കുന്നതിന് കാരണമായത്. ഐഎസ്എല്‍ മത്സര സമയങ്ങളില്‍ കൊച്ചി കോര്പ്പറേഷന്, ജിസിഡിഎ, പൊലീസ്, കേരള ഫുട്ബോള്‍ അസോസിയേഷന് എന്നിവര്‍ ചേര്‍ന്ന് ക്ലബിനെ പിഴിയുന്നുവെന്ന് ആരോപിച്ചായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.
തുടർന്ന് മന്ത്രി ഇപി ജയരാജൻ്റെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് രണ്ടംഗ സമിതി രൂപീകരിച്ചിരുന്നു. ഡിസംബർ ഒന്നിനു മുൻപ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിൽ നടപടിയായില്ല. തുടർന്ന് കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളുടെ വിനോദനികുതി നൽകണമെന്ന് ചൂണ്ടിക്കാട്ടി ക്ലബിന് കോർപ്പറേഷൻ നോട്ടിസ് നൽകി. ഇതൊക്കെയാണ് ക്ലബ് കൊച്ചി വിടുമെന്ന റിപ്പോർട്ടുകൾക്ക് കാരണമായത്.
Story Highlights: Kerala Blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here