രത്‌ന വ്യാപാരി നീരവ് മോദിയെ മുംബൈ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദിയെ മുംബൈ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയ്ക്ക് ശേഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന വ്യക്തിയാണ് നീരവ് മോദി. നൂറ് കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തി രാജ്യം വിടുന്നവർക്കെതിരെ ചുമത്തുന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്‌സ് (എഫ്ഇഒ) നിയമപ്രകാരമാണ് നടപടി.
ഇതോടെ, ഇന്ത്യ, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ നീരവ് മോദിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റിന് കണ്ടുകെട്ടാൻ കഴിയും. വ്യാജ രേഖകൾ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടിയോളം രൂപ തട്ടിച്ച് രാജ്യം വിട്ട നീരവ് മോദി കഴിഞ്ഞ മാർച്ചിലാണ് ലണ്ടനിൽ അറസ്റ്റിലാവുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് നീരവ് മോദിയെയും അമ്മാവൻ മെഹുൽ ചോക്‌സിയെയും പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നൽകിയത്. എൻഫോവ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷയിൽ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ചോക്‌സിയുടെ അഭിഭാഷകൻ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഡിസംബർ 17 മുതൽ 30 ദിവസത്തിനുള്ളിൽ നീരവ് മോദി ഹാജരാകണമെന്ന് സിബിഐ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുംബൈ പ്രത്യേക കോടതിയുടെ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here