കൊച്ചിൻ കാർണിവെല്ലിന് ഞായറാഴ്ച തുടക്കം

കൊച്ചിൻ കാർണിവെല്ലിന് ഞായറാഴ്ച തുടക്കം. പുതുവർഷത്തിന് ആരംഭം കുറിക്കുന്നതു വരെ ഇനി വർണാഭമായ ആഘോഷങ്ങളും വിവിധയിനം മത്സരങ്ങളുമായി ഫോർട്ടുകൊച്ചി രാവും പകലും ഉണർന്നിരിക്കും.
ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് സെന്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിൽ വച്ചാണ് ഔദ്യോഗിക ഉദ്ഘാടനം. യുദ്ധസ്മാരകത്തിൽ ഇന്ത്യൻ നേവിക്ക് വേണ്ടി ഐഎൻഎസ് ദ്രോണാചാര്യ കമാൻഡിംഗ് ഓഫീസർ കമാൻഡർ സുനിൽ കുമാർ റോയ് റീത്ത് സമർപ്പിക്കും. മേയർ സൗമിനി ജെയിൻ, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് തുടങ്ങിയവരുമുണ്ടാകും. സൈനിക ബഹുമതിക്രമങ്ങളും സമാധാന സന്ദേശ ഗാനാലാപനവുമുണ്ടാകും ചടങ്ങില്‍. പിന്നീട് വിമുക്ത ഭടന്മാർ എല്ലാവർക്കും ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഈ മാസം 14 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഫോർട്ട്‌കൊച്ചി വെളിയിൽ നിന്ന് കൊടിമര ഘോഷയാത്ര തുടങ്ങും. 15ആം തീയതി രാവിലെ ഒമ്പതിന് വാസ്‌കോഡ ഗാമ സ്‌ക്വയറിൽ എംഎൽഎ കെജെ മാക്‌സി കാർണിവൽ പതാക ഉയർത്തും. വൈകീട്ട് ആറിന് കലാപരിപാടികളുമുണ്ട്. തുടർ ദിവസങ്ങളിൽ ഗാനമേള, നാടൻ പാട്ട് , പാശ്ചാത്യ സംഗീതം, ഫാഷൻ ഷോ, നാടകം, ഡിജെ, തുടങ്ങിയ പരിപാടികൾ വിവിധയിടങ്ങളിലായി നടക്കും.
മോട്ടോർ സ്പീഡ് ബൈക്ക് റേസ്, സൈക്കിൾ റേസ്, ബീച്ച് ഫുട്ബാൾ, ബോക്‌സിംഗ്, ഗാട്ടാ ഗുസ്തി, നീന്തൽ, വള്ളം തുഴയൽ, തുടങ്ങിയ മത്സരങ്ങളും വരും ദിവസങ്ങളിൽ നടക്കും.
31ആം തീയതി വൈകിട്ട് ആറ് മണി തൊട്ട് ന്യൂ ഇയർ ആഘോഷത്തിന് തുടക്കമാകും. രാത്രി 12 മണിക്ക് പപ്പാഞ്ഞിയെ കത്തിക്കും. തുടർന്ന് കരിമരുന്ന് പ്രയോഗവുമുണ്ടാകും. ജനുവരി ഒന്നിന് കാർണിവൽ റാലിയും നടക്കും.
നിരവധി വിനോദസഞ്ചാരികളാണ് ഈ സമയത്ത് ഫോർട്ട്‌കൊച്ചിയും മട്ടാഞ്ചേരിയും സന്ദർശിക്കാറ്.
kochin carnival starts sunday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here