യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം: യോഗ്യരായ പത്തുപേരുടെ പട്ടികയുമായി കേന്ദ്ര നേതൃത്വം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യരായ പത്തുപേരുടെ പട്ടിക കേന്ദ്ര നേതൃത്വം പ്രസിദ്ധീകരിച്ചു. ഈ പട്ടികയില്‍ നിന്നാകും സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുക. പട്ടികയില്‍ രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരും ഇടം നേടിയിട്ടുണ്ട്.
കെപിസിസിയുടെ ഉള്‍പ്പെടെ എതിര്‍പ്പ് മറികടന്നാണ് സംഘടനാ തെരഞ്ഞെടുപ്പുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യരായ പത്തുപേരുടെ പട്ടിക കേന്ദ്രനേതൃത്വം പ്രസിദ്ധീകരിച്ചു. പട്ടികയില്‍ എംപിമാരായ ഹൈബി ഈഡന്‍, രമ്യാഹരിദാസ്, എം എല്‍എമാരായ ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥന്‍ എന്നിവരും ഇടം നേടിയിട്ടുണ്ട്.
എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ചത് ഷാഫിയുടെയും ശബരിയുടെയും പേരുകളാണ്. എന്നാല്‍, അതിന് പുറമേയാണ് കേന്ദ്രനേതൃത്വം എംപിമാരെ കൂടി ഉള്‍പ്പെടുത്തിയത്. എന്‍ എസ് നുസൂര്‍, റിയാസ് മുക്കോളി, വിദ്യാബാലകൃഷ്ണന്‍, റിജില്‍ മാക്കുറ്റി, എസ് എന്‍ പ്രേംരാജ്, എസ് എം ബാലു എന്നിവരാണ് പട്ടികയിലെ മറ്റു പേരുകാര്‍.
ജനപ്രതിനിധികളായവരെ ഭാരവാഹികളാക്കുന്നതിനെരെ പ്രതിഷേധം ശക്തമാണ്. ഇക്കാര്യം പല നേതാക്കളും പ്രവര്‍ത്തകരും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. അന്തിമഘട്ടത്തില്‍ ജനപ്രതിനിധികളെ ഭാരവാഹി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ പട്ടികയിലുളള എന്‍ എസ് നുസൂര്‍, റിയാസ് മുക്കോളി എന്നിവരുടെ പേരുകള്‍ക്കായിരിക്കും മുന്‍തൂക്കം.
കെപിസിസി അധ്യക്ഷനും കെഎസ്‌യു പ്രസിഡന്റും മലബാറില്‍ നിന്നായതിനാല്‍ യൂത്ത് കോണ്‍ഗ്രസിന് തെക്കന്‍ കേരളത്തില്‍ നിന്ന് അധ്യക്ഷനെ നിയമിക്കണമെന്ന വാദം ശക്തമാണ്. അങ്ങനെയെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ തിരുവനന്തപുരം സ്വദേശി എന്‍ എസ് നുസൂറിനാകും പരിഗണന. മുന്‍ കെഎസ്‌യു നേതാക്കളെ ഉള്‍പ്പെടെ ഒഴിവാക്കിയുള്ള പട്ടികയെച്ചൊല്ലി ഇതിനോടകം പ്രതിഷേധം ശക്തമായിട്ടുണ്ട്. എന്നാല്‍, കേന്ദ്രം അംഗീകാരം നല്‍കിയ നിലവിലെ പട്ടികയില്‍ നിന്ന് മാത്രമേ അധ്യക്ഷനെയും ഉപാധ്യക്ഷനെയും നിയമിക്കാവൂ എന്നതാണ് കേന്ദ്ര നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here