ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സർക്കാർ പിൻവലിച്ചു

ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സർക്കാർ പിൻവലിച്ചു. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സുരക്ഷാ അവലോകന സമിതിയാണ് കെമാൽ പാഷക്കുള്ള സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചത്.സർക്കാരിനെ വിമർശിച്ചതിനുള്ള പ്രതികാരമാണ് നടപടിയെന്ന് കെമാൽ പാഷ ട്വന്റി ഫോറിനോട് പറഞ്ഞു.
ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെമാൽ പാഷക്ക് അനുവദിച്ചിരുന്ന പ്രത്യേക സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷക്കായി 4 പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കുകയാണെന്ന ആഭ്യന്തര വകുപ്പിന്റെ അറിയിപ്പ് ഇന്നലെയാണ് കെമാൽ പാഷക്ക് ലഭിച്ചത്. ഇന്ന് ഉച്ചയോടെ പൊലീസുകാരെ തിരിച്ചയച്ചു. സർക്കാരിനെ വിമർശിച്ചതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് സുരക്ഷ പിൻവലിച്ചതെന്ന് കെമാൽ പാഷ ആരോപിച്ചു. പൊലീസ് അസോസിയേഷന് തന്നോട് വിരോധമുണ്ട്. തന്റെ പൊതു നിലപാടുകൾ വിരോധത്തിന് കാരണമായിട്ടുണ്ടാകാമെന്നും കെമാൽ പാഷ.
വാളയാർ കേസ്, മാവോയിസ്റ്റ് ഏറ്റുമുട്ടൽ, യുഎപിഎ അറസ്റ്റ് എന്നീ വിഷയങ്ങളിൽ സർക്കാരിനെതിരെ ജസ്റ്റിസ് കെമാൽ പാഷ നിലപാട് സ്വീകരിച്ചിരുന്നു. കനകമല ഐഎസ് കേസിലെ പ്രതികളിൽ നിന്ന് കെമാൽ പാഷ ഭീഷണി നേരിട്ടിരുന്നു. ഇതടക്കമുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ പരിഗണിച്ചാണ് നാല് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിരുന്നത്. അതേസമയം, സുരക്ഷാ അവലോകന സമിതിയുടെ നിർദേശം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here